നോർവേ: നോർവേ തലസ്ഥാനത്തിനടുത്ത് 25 കിലോമീറ്റർ വടക്കുകിഴക്ക് സ്ഥിതിചെയ്യുന്ന അസ്കി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ മരണം 7 ആയി. രണ്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. 10പേർക്ക് പരിക്കേറ്റു. ഇതിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ഓസ്ലോയിലെ ആശുപത്രിയിലേക്ക് മാറ്റി. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നടത്തിയ രക്ഷാപ്രവർത്തനത്തിനിടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരിൽ രണ്ട് വയസുള്ള കുട്ടിയും അച്ഛനും ഉൾപ്പെടും. വീടുകൾക്ക് മുകളിലൂടെ ചെളി മൂടിക്കിടക്കുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും നല്ലരീതിയിൽ രക്ഷാപ്രവർത്തനം നടത്തുകയാണെന്നും കൂടുതൽ പേരെ ജീവനോടെ തന്നെ രക്ഷിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് തങ്ങളെന്നും പൊലീസ് വക്താവ് ജോൺ ക്രിസ്റ്റ്യൻ വില്ലേഴ്സ്റൂഡ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് അഞ്ച് ടീമുകളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സ്നിഫർ നായ്ക്കൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയുടെ സഹായത്തിലാണ് തിരച്ചിൽ നടത്തുന്നത്. കണ്ടെത്തിയ മൃതദേഹങ്ങളിൽ 5 പേരെ ഇതുവരെ തിരിച്ചറിഞ്ഞു. രണ്ട് പേരെ ഇനിയും തിരിച്ചരിഞ്ഞിട്ടില്ല.
അയ്യായിരത്തിൽ പരം ആളുകൾ താമസിക്കുന്ന ഗ്രാമത്തിൽ നിന്നും ആയിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.