മെൽബൺ : ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്ടൻ രോഹിത് ശർമ ഉൾപ്പെടെ അഞ്ച് താരങ്ങളെ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് നിർബന്ധിത ഐസൊലേഷനിലേക്കു മാറ്റിയതിനു പിന്നാലെ, കൂടുതൽ ഇന്ത്യൻ താരങ്ങൾ ചട്ടലംഘനം നടത്തിയെന്ന വെളിപ്പെടുത്തലുമായി ഓസ്ട്രേലിയൻ പത്രങ്ങൾ രംഗത്ത് . ആദ്യ ടെസ്റ്റുകഴിഞ്ഞ് മടങ്ങിയ ക്യാപ്ടൻ വിരാട് കൊഹ്‌ലിയും ടെസ്റ്റ് പരമ്പരയ്ക്ക് മുന്നേ മടങ്ങിയ ഹാർദിക് പാണ്ഡ്യയും എന്നിവർ ഡിസംബർ ഏഴിന് സിഡ്നിയിലെ ബേബി ഷോപ്പ് സന്ദർശിച്ചെന്നാണ് ‘ദ സിഡ്നി മോർണിംഗ് ഹെറാൾഡ്’ റിപ്പോർട്ട് ചെയ്തത്.
ഒരു ഹോട്ടലിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നതോടെ രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, പൃഥ്വി ഷാ, നവ്ദീപ് സെയ്നി, ഋഷഭ് പന്ത് എന്നിവർക്ക് ഓസീസ് ബോർഡ് നിർബന്ധിത ഐസൊലേഷൻ വിധിച്ചിരുന്നു. നവൽദീപ് സിംഗ് എന്ന ആരാധകനാണ് മെൽബണിലെ ഒരു ഹോട്ടലിൽ താരങ്ങൾ ഭക്ഷണം കഴിക്കാനെത്തിയത് ചിത്രങ്ങളും വിഡിയോകളും പകർത്തി വൈറലാക്കിയത്. ഇതിനിടെ, ഇനിയും രണ്ടാഴ്ചത്തെ ക്വാറന്റീൻ വേണമെന്ന നിർദ്ദേശത്തെ തുടർന്ന് നാലാം ടെസ്റ്റിന് വേദിയാകുന്ന ബ്രിസ്ബേനിലേക്ക് പോകാൻ ഇന്ത്യൻ ടീം വിസമ്മതം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ഇതിനിടെയാണ് ഇന്ത്യൻ താരങ്ങളുടെ കൂടുതൽ ചട്ടലംഘനങ്ങൾ വെളിപ്പെടുത്തി ഓസീസ് മാധ്യമങ്ങൾ രംഗത്തെത്തിയത്. ട്വന്റി-20 പരമ്പരയ്ക്കിടെയാണ് വിരാടും പാണ്ഡ്യയും ബേബി ഷോപ്പ് സന്ദർശിച്ചതെന്നാണ് റിപ്പോർട്ടിലെ വെളിപ്പെടുത്തൽ. ഇന്ത്യൻ താരങ്ങൾ മാസ്ക് ധരിക്കാതെ ബേബി ഷോപ്പിലെത്തുകയും അവിടുത്തെ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തെന്നും റിപ്പോർട്ട് ആരോപിക്കുന്നു. ഇതിൽ ഏതാനും ചിത്രങ്ങളും പുറത്തുവിട്ടു.