lng

കൊച്ചി: കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ്‌ലൈൻ പദ്ധതി ഇന്ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കുമ്പോൾ, എറണാകുളം പുതുവൈപ്പിലെ പെട്രോനെറ്റ് എൽ.എൻ.ജി പ്രതീക്ഷിക്കുന്നത് ടെർമിനൽ ഉപയോഗത്തിൽ ഇരട്ടിയിലേറെ വളർച്ച. നടപ്പുവർഷം ജൂലായ് -സെപ്‌തംബർപാദ കണക്കുപ്രകാരം പെട്രോനെറ്റിന്റെ കൊച്ചി ടെർ‌മിനലിന്റെ ഉപഭോഗം 17 ശതമാനമാണ് (ഏകദേശം 1.5 മില്യൺ ടൺ).

ഗെയിൽ പൈപ്പ്‌ലൈനിലൂടെ മംഗലാപുരത്തേക്ക് കൊച്ചിയിൽ നിന്ന് പ്രകൃതിവാതകം എത്തുന്നതോടെ ടെർമിനൽ ഉപയോഗം 40-45 ശതമാനം വരെയാകുമെന്ന് പെട്രോനെറ്റ് കരുതുന്നു. 2013ലാണ് പെട്രോനെറ്റ് എൽ.എൻ.ജിയുടെ കൊച്ചി ടെർമിനൽ കമ്മിഷൻ ചെയ്‌തത്. 4,700 കോടി രൂപയായിരുന്നു നിർമ്മാണച്ചെലവ്. അഞ്ച് മില്യൺ മെട്രിക് ടണ്ണാണ് വാർഷിക സംഭരണശേഷി.

ബി.പി.സി.എൽ കൊച്ചി റിഫൈനറി, ഫാക്‌ട്, വാഹന മേഖല എന്നിവയ്ക്ക് പുറമേ ഇനിമുതൽ മംഗലാപുരത്തെ മാംഗ്ളൂർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ്, ഒ.എൻ.ജി.സി മാംഗ്ളൂർ പെട്രോകെമിക്കൽസ് ലിമിറ്റഡ് (ഒ.എം.പി.എൽ), മാംഗ്ളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് തുടങ്ങി ഒട്ടേറെ കമ്പനികൾക്കും എൽ.എൻ.ജി ലഭ്യമാകും.

പൈപ്പ്‌ലൈൻ കടന്നുപോകുന്ന കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ഗാർഹികാവശ്യത്തിനും പ്രകൃതിവാതകം ലഭ്യമാക്കുന്നുണ്ട് (സിറ്റി ഗ്യാസ്). ഇതിനു കരാർ നേടിയ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡ് വിതരണത്തിനുള്ള പ്രാരംഭ നടപടി ആരംഭിച്ചുകഴിഞ്ഞു. സിറ്റി ഗ്യാസ് വിതരണം കാര്യക്ഷമമാകുന്നതും പെട്രോനെറ്റിന് വൻ നേട്ടമാകും.

പെട്രോനെറ്റ് എൽ.എൻ.ജി

കൊച്ചി പുതുവൈപ്പിൽ 4,700 കോടി രൂപ നിക്ഷേപത്തോടെ നിർമ്മിച്ച പെട്രോനെറ്ര് എൽ.എൻ.ജി ടെർമിനൽ കമ്മിഷൻ ചെയ്യപ്പെട്ടത് 2013ൽ.

 കൊച്ചിക്കൊപ്പം പ്രവർത്തനം തുടങ്ങിയ കമ്പനിയുടെ ഗുജറാത്തിലെ ദഹേജ് ടെർമിനലിന്റെ ഉപയോഗം 109 ശതമാനം, കൊച്ചിയിൽ 17 ശതമാനം.

 ഗെയിൽ പൈപ്പ്‌ലൈൻ വഴി എൽ.എൻ.ജി മംഗലാപുരത്തേക്ക് ഒഴുകുന്നതിലൂടെ കൊച്ചിയിലെ ഉപയോഗം 40-45 ശതമാനം വരെ എത്തുമെന്ന് പെട്രോനെറ്റ് കരുതുന്നു.