ടൂറിൻ : അന്താരാഷ്ട്ര മത്സരങ്ങളിലും ക്ലബ് മത്സരങ്ങളിലുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫുട്ബാൾ താരങ്ങളുടെ പട്ടികയിൽ ബ്രസീലിയൻ ഇതിഹാസം പെലെയെ പിന്നിലാക്കി പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ . ഇറ്റാലിയൻ സെരി എയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ യുഡിനെസിനെതിരെ നേടിയ ഇരട്ടഗോളോടെയാണ് യുവന്റസ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ പെലെയെ മറികടന്നത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം അന്താരാഷ്ട്ര, ക്ലബ് മത്സരങ്ങളിലായി 757 ഗോളുകളാണ് പെലെയുടെ പേരിലുള്ളത്.
യുഡിനെസിനെതിരെ ഇരട്ടഗോളോടെ റൊണാൾഡോയുടെ നേട്ടം 758 ആയി ഉയർന്നു.
742 ഗോളുകളുമായി ലയണൽ മെസി റൊണാൾഡോയ്ക്ക് പിന്നിലുണ്ട്.
1931–1955 കാലഘട്ടത്തിൽ 759 ഗോൾ നേടിയ സ്ലാവിയ പ്രേഗിന്റെ ഇതിഹാസ താരം ജോസഫ് ബീക്കൺ മാത്രമാണ് ഇനി കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ റൊണാൾഡോയ്ക്ക് മുന്നിലുള്ളത്.
ഏതാനും ദിവസം മുൻപ് ഒരേ ക്ലബിനായി കൂടുതൽ ഗോളുകൾ എന്ന പെലെയുടെ നേട്ടം മെസി തിരുത്തിയിരുന്നു.
പെലെ ഗോളുകൾ 1091 എന്ന് സാന്റോസ്
ഒരേ ക്ളബിനായി ഏറ്റവും കൂടുതൽ ഗോളുകളെന്ന പെലെയുടെ റെക്കാഡ് മെസി തിരുത്തിയെന്ന് ലോകമെങ്ങുമുള്ള മാദ്ധ്യമങ്ങൾ ആഘോഷിച്ചപ്പോൾ പെലെയുടെ പഴയ ക്ളബ് സാന്റോസ് എതിർപ്പുമായി രഗത്തെത്തിയിരുന്നു. തങ്ങൾക്കായി പെലെ 1091 ഗോളുകൾ നേടിയിട്ടുണ്ടെന്ന് സാന്റോസ് അധികൃതർ പ്രസ്താവന ഇറക്കിയിരുന്നു. എന്നാൽ ഇതിൽ പലതും ഔദ്യോഗിക കണക്കുകളിലില്ല. സൗഹൃദമത്സരങ്ങളിലെ ഗോളുകളുടെ എണ്ണവും സാന്റോസ് കൂട്ടിയിട്ടുണ്ട്. ഇത് പരിഗണിച്ചാൽ ക്രിസ്റ്റ്യാനോയുടെ ഇപ്പോഴത്തെ റെക്കാഡും ചോദ്യം ചെയ്യപ്പെടാം.
യുഡിനെസിനെതിരെ 31, 70 മിനിറ്റുകളിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയത്. യുവെന്റസ് യുഡിനെസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് തകർത്തത്. ഫെഡറിക്കോ ചിയേസ 49–ാം മിനിട്ടിൽ നേടിയ രണ്ടാം ഗോളിന് വഴിയൊരുക്കിയതും റൊണാൾഡോ തന്നെ. പൗളോ ഡിബാലയുടെ (90+3) വകയാണ് യുവെയുടെ നാലാം ഗോൾ. യുഡിനെസിന്റെ ആശ്വാസ ഗോൾ 90–ാം മിനിറ്റിൽ മാർവിൻ സീഗെലാർ നേടി. ഇതോടെ, 11 മത്സരങ്ങളിൽനിന്ന് 14 ഗോളുകളുമായി സെരി എയിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ റൊണാൾഡോ മുന്നിലെത്തി.
വിജയത്തോടെ 14 മത്സരങ്ങളിൽനിന്ന് 27 പോയിന്റുമായി യുവന്റസ് അഞ്ചാം സ്ഥാനത്തേക്ക് കയറി. 15 കളികളിൽനിന്ന് 37 പോയിന്റുമായി എ.സി. മിലാനാണ് ഒന്നാമത്. ഇന്റർ മിലാൻ (15 കളികളിൽനിന്ന് 36), എഎസ് റോമ (15 കളികളിൽനിന്ന് 30), നാപ്പോളി (14 കളികളിൽനിന്ന് 28) എന്നീ ടീമുകളാണ് യുവയ്ക്ക് മുന്നിലുള്ളത്.