vaccine

ഹെെദരാബാദ്: രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി കൊവാക്‌സിന് അനുമതി നൽകിയതിനെതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് ഭാരത് ബയോടെക്ക്. ഡ്രഗ് കൺ​ട്രോളർ ജനറലിന്റെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചതെന്നും കൊവാക്സിൻ സുരക്ഷിതമാണെന്നും ഭാരത് ബയോടെക്ക് മേധാവി ഡോ.കൃഷൻ എല്ല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യൻ കമ്പനികൾക്കെതിരെ നിരവധി തിരിച്ചടികൾ ഉണ്ടാകുന്നു.ഇത് ഒരിക്കലും അംഗീകരിക്കാനാകില്ല.ലോകത്തുള്ള എല്ലാവരും ഇന്ത്യൻ കമ്പനികളെ ഇത്തരത്തിൽ ലക്ഷ്യം വയ്ക്കുന്നത് എന്ത് കൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും കൃഷൻ എല്ല പറഞ്ഞു. ഇന്ത്യൻ നിർമിത വാക്‌സിൻ എന്ന പേരിൽ കൊവാക്‌സിനെ വിമർശിക്കുന്നത് ഏറെ വേദനിപ്പിക്കുന്നുവെന്നും ഇന്ത്യ ഒരു പകർപ്പവകാശ രാജ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവാ‌ക്‌സിൻ ഇന്ത്യയിൽ മാത്രമല്ല യു.കെ ഉൾപ്പെടെ 11 രാജ്യങ്ങളിൽ പരീക്ഷണം നടത്തിയതായും ഭാരത് ബയോടെക്ക് വെറും ഒരു ഇന്ത്യൻ കമ്പനിയല്ലെന്നും ഒരു ആഗോള കമ്പനിയാണെന്നും കൃഷൻ എല്ല അവകാശപ്പെട്ടു. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചാണ് വാക്സിൻ നിർമ്മിക്കുന്നതെന്നും ശാസ്ത്രജ്ഞരെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.