jooliyar

ബ്രിട്ടൺ: ചാരവൃത്തി കുറ്റം ആരോപിച്ച് ബ്രിട്ടൺ ജയിലിൽ അടച്ച വിക്കീലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യു.എസിലേക്ക്​ നാടുകടത്തരുതെന്ന്​ ബ്രിട്ടീഷ്​ കോടതി അറിയിച്ചു. ചാരവൃത്തി കുറ്റം ചുമത്തപ്പെട്ട അസാൻജിനെ വിചാരണ നടത്താനായി കൈമാറണമെന്നായിരുന്നു യു.എസിന്റെ ആവശ്യം. എന്നാൽ യു.എസിൽ അസാൻജിന് അതിസുരക്ഷയും ഏകാന്തതടവും ഒരുക്കിയിരിക്കുന്നതെന്നും അത് അസാൻജിയിൽ ആത്മഹത്യസാധ്യത ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാടുകടത്താൻ അനുമതി നിഷേധിച്ചത്.

ഒരു പതിറ്റാണ്ട്​ നീണ്ട വിവാദങ്ങൾക്ക്​​ താത്​കാലിക വിരാമമിടുന്നതാണ്​ നിർണായക വിധി​. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന്​ യു.എസ്​ സർക്കാർ അറിയിച്ചിട്ടുണ്ട്​.

ഇറാഖിലും അഫ്​ഗാനിസ്​ഥാനിലും അമേരിക്ക നടത്തിയ സൈനിക നീക്കത്തിനിടെ നടന്ന കൊടുംക്രൂരതകൾ ലോകത്തിനു മുന്നിൽ തുറന്നുകാട്ടിയ അഞ്ചു ലക്ഷത്തിലേറെ രഹസ്യ ഫയലുകൾ പുറത്തുവിട്ട അസാൻജിനെതിരെ അമേരിക്ക 18 ഓളം കുറ്റങ്ങളാണ്​ ചുമത്തിയിരുന്നത്. 175 വർഷം തടവ് ലഭിക്കുന്ന കുറ്റങ്ങളാണ് യു.എസിൽ അസാൻജിനെതിരെ ചുമത്തിയിരിക്കുന്നത്. 17 ചാരവൃത്തി കേസുകൾ, കമ്പ്യൂട്ടർ ദുരുപയോഗം ചെയ്ത കേസ് എന്നിവ ആസ്ട്രേലിയൻ സ്വദേശിയായ അസാൻജിനെതിരെയുണ്ട്. 2010ലാണ്​ ഫയലുകൾ പുറത്തുവന്നത്​.