കൊച്ചി: പന്തീരങ്കാവ് മാവോയിസ്റ്റ് കേസിൽ രണ്ടാം പ്രതി ത്വാഹയ്ക്കെതിരായ എൻ.ഐ.എ വാദമുഖങ്ങൾ അംഗീകരിച്ച ഹൈക്കോടതി വിചാരണക്കോടതിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയതിനു പുറമേ, പ്രതിയുടെ നടപടികൾ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് വിലയിരുത്തിയാണ് ജാമ്യം റദ്ദാക്കിയത്.
ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ഇങ്ങനെ:
ജാമ്യ ഹർജി പരിഗണിക്കുമ്പോൾ കേസിന്റെ വസ്തുതകളിലേക്ക് ആഴത്തിൽ കടന്നുള്ള പരിശോധന പാടില്ലെന്നിരിക്കെ ഒാരോ രേഖകളും വിചാരണയിലെന്നപോലെ എൻ.ഐ.എ കോടതി ജഡ്ജി പരിശോധിച്ചെന്ന എൻ.ഐ.എയുടെ വാദത്തിൽ കഴമ്പുണ്ട്. പിടിച്ചെടുത്ത മാവോയിസ്റ്റ് തത്ത്വശാസ്ത്രത്തെക്കുറിച്ചുള്ള ലഘുലേഖകൾ പുതിയ ആശയങ്ങൾ അറിയാനുള്ള ജിജ്ഞാസ കൊണ്ടു ശേഖരിച്ചതാണെന്ന പ്രതികളുടെ വാദം അംഗീകരിക്കാനാവില്ല. വെറും ജിജ്ഞാസകൊണ്ടാണ് ഇവ ശേഖരിച്ചതെങ്കിൽ മറ്റു തത്ത്വശാസ്ത്രങ്ങളുടെ രേഖകളും ഉണ്ടാവണം. ഭീകര പ്രവർത്തനങ്ങളെക്കുറിച്ചു മനസിലാക്കുന്നതിൽ എൻ.ഐ.എ കോടതിക്ക് വീഴ്ച പറ്റി. മാവോയിസ്റ്റ് സംഘടനയുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് സാക്ഷിമൊഴികളിൽ നിന്നും ഇവരിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക്ക് ഉപകരണങ്ങളിൽ നിന്നും വ്യക്തമാണ്. നിരോധിക്കപ്പെട്ട സംഘടനയുടെ യോഗത്തിൽ ഇവർ പങ്കെടുത്തതിന് തെളിവുണ്ട്. പിടിച്ചെടുത്ത ലഘുലേഖകളും മറ്റും എൻ.ഐ.എ കോടതി ലഘുവായാണ് വിലയിരുത്തിയത്. ഇവയിൽ പലതും നിഷ്കളങ്കമായി തോന്നുന്നില്ല. പിടിച്ചെടുത്ത രേഖകളിൽ ഒന്ന് പ്രത്യക്ഷത്തിലുള്ള സഖാക്കളും രഹസ്യ സഖാക്കളും എങ്ങനെ പ്രവർത്തിക്കണം, എങ്ങനെ യോഗം ചേരണം, എങ്ങനെ ഇലക്ട്രോണിക് ഉപകരണങ്ങളും ഇന്റർനെറ്റും ഉപയോഗിക്കണം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ ഉൾപ്പെട്ടതാണ്. ത്വാഹയുടെ പക്കൽ നിന്ന് ഇതിന്റെ 15 കോപ്പിയും ലഭിച്ചു. ഇവ വിതരണം ചെയ്യാനുദ്ദേശിച്ച് എടുത്ത പകർപ്പാണ്. ത്വാഹയെ അറസ്റ്റ് ചെയ്ത് പരിശോധനയ്ക്കായി വീട്ടിലേക്ക് കൊണ്ടുപോയപ്പോൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചിരുന്നു. കാശ്മീരിന് സ്വാതന്ത്ര്യം നൽകണമെന്നാവശ്യപ്പെടുന്ന രണ്ടു ബാനറുകൾ ത്വാഹയുടെ പക്കൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഇതു വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ്. ഇവയൊക്കെ ലഘുവായി കാണാൻ കഴിയില്ല.
ജാമ്യം നൽകിയത് അധികാര പരിധി
മറികടന്നെന്ന് ഹൈക്കോടതി
കൊച്ചി: അലന്റെയും ത്വാഹയുടെയും ജാമ്യാപേക്ഷ പരിഗണിച്ച എൻ.ഐ.എ കോടതി അധികാര പരിധി മറി കടന്നാണ് വിധി പറഞ്ഞതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. യു.എ.പി.എ പ്രകാരമുള്ള കേസിലെ പ്രതികളുടെ ജാമ്യ ഹർജി ഇതേ നിയമത്തിലെ വ്യവസ്ഥകൾക്കു വിധേയമായാണ് പരിഗണിക്കേണ്ടിയിരുന്നതെന്നും ഡിവിഷൻ ബെഞ്ച് വിശദീകരിച്ചു.
അലനും ത്വാഹയ്ക്കും ജാമ്യം അനുവദിച്ചതിനെതിരെ എൻ.ഐ.എ നൽകിയ അപ്പീൽ ഭാഗികമായി അനുവദിച്ചാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. ഭീകര പ്രവർത്തനങ്ങൾ തടയാനും നിയന്ത്രിക്കാനുമാണ് യു.എ.പി.എ കൊണ്ടുവന്നത്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ലഘുലേഖകളുടെ സ്വാധീനം വർദ്ധിച്ചു വരുന്നത് ജാമ്യ ഹർജി പരിഗണിച്ച എൻ.ഐ.എ കോടതി കണക്കിലെടുത്തില്ല. ഇരു പ്രതികളിൽ നിന്നുമായി കണ്ടെടുത്ത ലഘുലേഖകളും രേഖകളും 12 കാറ്റഗറികളാക്കി തിരിച്ച് വിശകലനം നടത്തി ഇവയൊന്നും പ്രഥമദൃഷ്ട്യാ കുറ്റം ചുമത്താൻ പര്യാപ്തമല്ലെന്ന് എൻ.ഐ.എ കോടതി പറഞ്ഞത് അധികാര പരിധി കടന്നുള്ള നടപടിയാണ്.
വ്യക്തി സ്വാതന്ത്ര്യത്തിന് പരമമായ പ്രാധാന്യമുണ്ട്. ഇതു സംരക്ഷിക്കാൻ കോടതിക്ക് ബാദ്ധ്യതയുമുണ്ട്. എന്നാൽ ദേശീയ താല്പര്യം കണക്കിലെടുക്കുമ്പോൾ വ്യക്തി സ്വാതന്ത്ര്യം ഇതിനനുസരിച്ചാണ് പരിഗണിക്കേണ്ടത്. ദേശീയ താല്പര്യത്തിനും ദേശ സുരക്ഷയ്ക്കുമാണ് അപ്പോൾ പ്രാധാന്യം. ഇത്തരത്തിൽ ജാമ്യ ഹർജി എൻ.ഐ.എ കോടതി പരിഗണിച്ചില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.