cm-pinarayi-vijayan

തിരുവനന്തപുരം: നാലു മാസങ്ങൾക്ക് മുൻപ് മലയാളത്തിലെ ഒരു സ്വകാര്യ വാർത്താ ചാനൽ നടത്തിയ സർവേ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയുള്ളതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെതിരെ ഉയർത്താനായി ആരോപണങ്ങളൊന്നും കൈയ്യിലില്ലായിരുന്ന പ്രതിപക്ഷത്തെയും ബിജെപിയെയും ഉണർത്തിയെടുക്കാൻ വേണ്ടിയുള്ളതായിരുന്നു ചാനലിന്റെ സർവേയെന്നും പിന്നീട് നടന്ന 'നാടകങ്ങളും വാർത്താ കോലാഹലങ്ങളും' പരിശോധിക്കുമ്പോൾ ആർക്കും മനസിലാകുന്ന കാര്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

chennithala

ഒരു മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സർവ്വേയ്ക്ക് പിന്നിലുണ്ടായിരുന്ന രാഷ്ട്രീയ ലക്ഷ്യം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ അതിനുശേഷം സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. സർവേയുടെ യഥാർത്ഥ ലക്ഷ്യമെന്തായിരുന്നു എന്നത് സർവേയെ തുടർന്നുണ്ടായ സംഭവ വികാസങ്ങളിൽ നിന്നും മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

mullappally

ചാനൽ സൂചിപ്പിച്ചത് പോലെ ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയുണ്ടാകുമോ എന്ന് ഇപ്പോൾ ചോദിച്ചാൽ എന്തായിരിക്കും ഉത്തരമെന്ന ചോദ്യത്തിന് അന്ന്കിട്ടിയ ഉത്തരം തന്നെയാകും ഇപ്പോഴും കിട്ടുക എന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ നാലര വർഷത്തെ കുറിച്ച് തനിക്ക് സംതൃപ്തിയാണുള്ളതെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

surendran

സർക്കാരിനെതിരെ ഉണ്ടായ അപ്രതീക്ഷിത വെല്ലുവിളികളെ നേരിടാൻ സാധിച്ചുവെന്നും ക്ഷേമ, വികസനപ്രവർത്തനങ്ങളുടെ കാര്യാത്തിൽ രാജ്യത്തിന് തന്നെ മാതൃകയായി മാറാൻ കേരളത്തിന് സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അഭിമുഖത്തിൽ ബിജെപിയെയും യുഡിഎഫിലെപ്രധാന കക്ഷിയായ കോൺഗ്രസിനെയും മുഖ്യമന്ത്രി പിണറായി വിജയൻ കടന്നാക്രമിച്ചു.

modi

കോൺഗ്രസും ബിജെപിയും ഇപ്പോൾ ഒരേ രീതിയിൽ തന്നെയാണ് പെരുമാറുന്നതെന്നും ഇരുപാർട്ടികളെയും തമ്മിൽ തിരിച്ചറിയാൻ സാധിക്കാത്ത സ്ഥിതിവിശേഷമാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി വിമർശിച്ചു. ബിജെപിയെ ചാരി നിന്നുകൊണ്ട് നേട്ടം കൊയ്യാമെന്ന് ആരെങ്കിലും കരുതിയാൽ അതിന്റെ ഫലം എന്താകുമെന്ന് ജനങ്ങൾക്കറിയാമെന്നും പക്ഷെ ബിജെപിയെ പോലെചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് ലാഭമുണ്ടാക്കാം എന്ന് കരുതുന്നവർക്ക് മാത്രം അക്കാര്യം അറിയില്ലയെന്നും അദ്ദേഹം പരിഹസിച്ചു.

pinarayi

ഹൈവേ വികസനം നിർത്തിവയ്ക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും കേരളത്തെ സൊമാലിയയോട് ഉപമിച്ചവരുമാണ് ബിജെപിയെന്നും അവർ വർഗീയ ചേരിതിരിവ് നടത്താൻ മാത്രമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിനോടൊപ്പം ചേർന്നുനിന്നുകൊണ്ട് നാടിനെ പിന്നോട്ടടിക്കാനും വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കാനും ബിജെപിയ്ക്ക് യാതൊരു മടിയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.