ദുബായ് : ആ മലയാളി കോടിപതിയെ ഒടുവിൽ കണ്ടെത്തി. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 40 കോടിയോളം രൂപ(20 ദശലക്ഷം ദിർഹം) കോഴിക്കോട് സ്വദേശി എൻ.വി.അബ്ദുസ്സലാമിനാണ് (28) ലഭിച്ചത്. ആറുവർഷമായി ഒമാനിലെ മസ്കറ്റിൽ കട നടത്തുകയാണ് അബ്ദുസ്സലാം ഡിസംബർ 29ന് ഓൺലൈനിലൂടെ എടുത്ത 323601 നമ്പർ കൂപ്പണിനാണ് സമ്മാനം ലഭിച്ചത്. ഇത് അഞ്ചാമത്തെ തവണയാണ് ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചത്. കുറച്ച് സുഹൃത്തുക്കളോടൊപ്പമായിരുന്നു ടിക്കറ്റെടുത്തത്.
ബിഗ് ടിക്കറ്റ് അധികൃതർക്ക് അബ്ദുസ്സലാമിനെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സ്വിച്!ഡ് ഓഫായിരുന്നു. ഇ–മെയിലിന് മറുപടിയും ലഭിച്ചില്ല. തുടർന്ന് കണ്ടെത്താൻ മലയാളി സമൂഹത്തിന്റെ സഹായം തേടുകയായിരുന്നു.
ഇന്നലെ തന്നെ നടന്ന മറ്റു നറുക്കെടുപ്പുകളിൽ യു.എ.ഇയിൽ താമസിക്കുന്ന മലയാളി സാജു തോമസ് 6 കോടിയോളം രൂപയും(30 ലക്ഷം ദിർഹം) പാക്കിസ്ഥാനി ഇജാസ് റാഫി കിയാനി 2 കോടിയോളം രൂപയും(10 ലക്ഷം ദിർഹം) നേടി.