
വാഷിംഗ്ടൺ: കടയിൽ മോഷ്ടാക്കൾ കയറിയതറിഞ്ഞ് അവരെ അറസ്റ്റ് ചെയ്യാനെത്തിയതാണ് മാറ്റ് ലിമി എന്ന പൊലീസുകാരൻ. പക്ഷേ മാറ്റ് ചെയ്തതാകട്ടെ മോഷ്ടാക്കൾക്ക് സ്വന്തം ചിലവിൽ സമ്മാനങ്ങൾ വാങ്ങിനൽകി. അമേരിക്കയിലാണ് സംഭവം. പട്ടിണികാരണം മോഷണത്തിന് ഇറങ്ങിയതാണെന്ന് അറിഞ്ഞതോടെയാണ് അവരെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത്. മസച്ചുസെറ്റ്സിലെ സോമർസെറ്റ് പൊലീസ് വിഭാഗം ഓഫീസറാണ് ലിമ.
സോമർസെറ്റിലെ പ്രാദേശിക സൂപ്പർമാർക്കറ്റിൽ കുട്ടികളുമായി എത്തിയ രണ്ടു യുവതികൾ പണം നൽകുന്നതിനിടയിലാണ് വാങ്ങിയ വസ്തുവകകളിൽ പലതും മോഷ്ടിക്കാൻ ശ്രമിച്ചത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥൻ ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് തൊഴിലില്ലാത്തവരാണെന്നും മക്കൾക്ക് ക്രിസ്മസ് ഭക്ഷണമാണ് എടുത്തതെന്നും അറിഞ്ഞത്. ഇത് കേട്ട ഉടൻ ലിമ അവർക്ക് ആവശ്യമായ മറ്റു വസ്തുക്കൾ കൂടി വാങ്ങാൻ ഗിഫ്റ്റ് കാർഡ് നൽകുകയായിരുന്നു.