വയനാട്ടിലെ പുത്തുമലയിലുണ്ടായ ഉരുൾ പൊട്ടലിനെ ആധാരമാക്കി സംവിധായകൻ ശരത് ചന്ദ്രൻ സംവിധാനം ചെയ്‌ത് കൗമുദി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച 'ദി ഷോക്ക്' എന്ന ഹ്രസ്വചിത്രം പ്രകൃതിയുടെ സംഹാരതാണ്ഡവത്തിന് ഇരയാകേണ്ടി വന്നവരുടെ ദുരന്തത്തിന്റെ നേർക്കാഴ്ചയാണ്.
ഗൾഫിൽ നിന്ന് നാട്ടിലെത്തുന്ന മകനും ഭാര്യയും അമ്മയും കൂടി പുത്തുമലയിലേക്ക് പോകുന്നതും തുടർന്ന് അവിടെയുണ്ടാകുന്ന ഉരുൾപൊട്ടലിൽ മൂവരെയും കാണാതാവുകയും ചെയ്യുന്നു. മൂവരും മരിച്ചുപോയെന്ന സത്യം അറിഞ്ഞിട്ടും ജനിച്ചുവളർന്ന മണ്ണും വീടും വിട്ടുപോകാൻ തയ്യാറാകാതെ പറക്കമുറ്റാത്ത ചെറുമകൾക്കൊപ്പം ജീവിക്കുന്ന ഹംസ എന്നയാളുടെ ജീവിതമാണ് ഈ ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം. പ്രതീക്ഷകളെല്ലാം തകരുന്ന ദുരന്തങ്ങളെ നേരിടുമ്പോഴും പ്രത്യാശയുടെ പുതുകിരണം വരുമെന്ന് സ്വപ്നം കണ്ട് ജീവിക്കേണ്ടി വരുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയായാണ് ഹംസയെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. പരിസ്ഥിതിയെ അശാസ്ത്രീയമായി ചൂഷണം ചെയ്താൽ സംഭവിക്കുന്ന വിപത്തുകളിലേക്കും ഹ്രസ്വചിത്രം വിരൽ ചൂണ്ടുന്നു.
മലയാള ചലച്ചിത്ര ലോകത്ത് നിരവധി വില്ലൻ കലാപാത്രങ്ങൾ അവതരിപ്പിച്ച് നമുക്ക് സുപരിചിതനായ അബു സലീം സ്വഭാവ നടനെന്ന നിലയിൽ തന്റെ കഴിവ് പുറത്തെടുക്കുകയാണ് ദി ഷോക്കിൽ. ഹംസയെ അവതരിപ്പിച്ചിരിക്കുന്നത് അബുസലീമാണ്. ലോറിയിൽ നിന്ന് വീണ് കാല് തകർന്ന ഹംസയെന്ന കഥാപാത്രത്തെ അതിവൈകാരികമായാണ് അബു സലിം സ്ക്രീനിലെത്തിച്ചിരിക്കുന്നത്. ചിത്രത്തിൽ സൈറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം അമയയും മികച്ച അഭിനയം കൊണ്ട് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. പുത്തുമലയിലെ ദുരന്തബാധിത മേഖലകളിലായിരുന്നു സിനിമയുടെ ചിത്രീകരണം.