dd-live

ന്യൂഡൽഹി: ഇന്ത്യയുടെ മാദ്ധ്യമ ചരിത്രത്തിൽ ഒഴിച്ചുകൂടാനാകാത്ത സ്ഥാനമാണ് ദൂരദർശനും ആൾ ഇന്ത്യ റേഡിയോയ്ക്കുമുള്ളത്. ഓരോ ഇന്ത്യക്കാരന്റെയും ടിവി സ്ക്രീനിൽ ആദ്യം തെളിഞ്ഞ ചാനലും ദൂരദർശനാണ്.സ്വകാര്യ ചാനലുകളുടെ വരവോടെ ദൂരദർശന് കാഴ്ചക്കാർ കുറഞ്ഞുവെങ്കിലും ഇന്ന് ഇന്ത്യ കഴിഞ്ഞാൽ ദൂരദർശനും ആൾ ഇന്ത്യ റേഡിയോയ്ക്കും കൂടുതൽ പ്രേക്ഷകരുള്ളത് പാകിസ്ഥാനിലാണ്.

2020ലെ കണക്കുകൾ പ്രകാരം ദൂരദർശന്റെയും ആൾ ഇന്ത്യ റേഡിയോയുടെയും പ്രേക്ഷകരിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്ഥാനിൽ വർദ്ധിച്ച് വരുന്ന കാഴ്ചക്കാരാണ് ഇതിന് കാരണമെന്നും കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

"2020 ൽ, ഇന്ത്യയിലെ ആഭ്യന്തര പ്രേക്ഷകർക്ക് ശേഷം ഡിഡി, ആകാശവാണി എന്നിവയിലെ പരിപാടികൾക്ക് ഏറ്റവും കൂടുതൽ ഡിജിറ്റൽ പ്രേക്ഷകരുള്ളത് പാകിസ്ഥാനിൽ നിന്ന്." വാർത്താ വിതരണ മന്ത്രാലയം പ്രസ്ഥാവനയിൽ പറയുന്നു. ഇതിനൊപ്പം പ്രസാർഭാരതിയുടെ ചാനലുകൾക്ക് നൂറിലധികം വർദ്ധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതായും പറയുന്നു.

പ്രസാർ ഭാരതിയുടെ ഔദ്യോഗിക ആപ്ലിക്കേഷനായ 'ന്യൂസ്ഓൺ എയർ' ആപ്പിലൂടെ 25 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ദൂരദർശൻ കാണുന്നത്.ഇതിൽ മോദിയുടെ മൻ കി ബാത്തിന് ഏറെ കാണികളുണ്ട് എന്നതും ശ്രദ്ധേയമാണ്.