കൊച്ചി: ആഗോള-ആഭ്യന്തര വിപണിയിലെ മികച്ച ഡിമാൻഡിന്റെ പിൻബലത്തിൽ സ്വർണവില വീണ്ടും കുതിച്ചുയരുന്നു. കൊവിഡിനെതിരായ വാക്‌സിൻ സജ്ജമായ വാർത്തകൾ ഒരിടയ്ക്ക് സ്വർണവിലയെ താഴേക്ക് നയിച്ചിരുന്നു. എന്നാൽ, അമേരിക്കയിൽ ഉൾപ്പെടെ കൊവിഡ് കേസുകൾ വീണ്ടും കുത്തനെ കൂടുന്നതും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചേക്കാമെന്ന ആശങ്കയും ഇപ്പോൾ സ്വർണത്തിന് നേട്ടമാകുകയാണ്.
സുരക്ഷിത നിക്ഷേപമെന്ന പെരുമയുള്ള സ്വർണത്തിലേക്ക് പണമൊഴുക്ക് പിന്നെയും കൂടിയിട്ടുണ്ട്. ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ റീട്ടെയിൽ വില്പനയിലുണ്ടായ ഉണർവും വിലക്കുതിപ്പിനെ സ്വാധീനിക്കുന്നു. കേരളത്തിൽ ഇന്നലെ രണ്ടുവട്ടമായി 560 രൂപ വർദ്ധിച്ച് പവൻവില 38,080 രൂപയായി. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വില 38,000 കടക്കുന്നത്. ഗ്രാം വില 70 രൂപ ഉയർന്ന് 4,760 രൂപയിലെത്തി.
കേരള വിപണിയെ സ്വാധീനിക്കുന്ന മുംബയിൽ ഇന്നലെ പത്തു ഗ്രാമിന് 894 രൂപ വർദ്ധിച്ച് വില 51,192 രൂപയിലെത്തി. അമേരിക്കയിലെ പ്രതിസന്ധിയെ തുടർന്ന് പ്രമുഖ ആറ് കറൻസികൾക്കെതിരെ ഡോളറിന്റെ മൂല്യം 0.47 ശതമാനം ഇടിഞ്ഞ് 89.47ൽ എത്തിയതും സ്വർണക്കുതിപ്പിന് വളമായി. കഴിഞ്ഞമാസം ഔൺസിന് 1,800 ഡോളർ നിരക്കിലായിരുന്ന രാജ്യാന്തരവില ഇന്നലെ 46 ഡോളർ വർദ്ധിച്ച് 1,939 ഡോളറിലെത്തി. സ്വർണക്കുതിപ്പ് തുടരാനാണ് സാദ്ധ്യത എന്നാണ് വിലയിരുത്തലുകൾ.