ലണ്ടൻ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡ് വെെറസിന്റെ പുതിയ വകഭേദത്തിനെതിരെ വാക്‌സിൻ ഫലപ്രദമാകുമെന്ന് ശാസ്ത്രജ്ഞർ കരുതുന്നില്ലെന്ന് റിപ്പോർട്ടുകൾ പുറത്ത്. പേര് വെളിപ്പെടുത്താത്ത സർക്കാർ ശാസ്ത്രജ്ഞനെ ഉദ്ധരിച്ചുകൊണ്ട് ബ്രിട്ടിഷ് വാർത്താ ചാനലായ ഐടിവിയാണ് വിവരം പുറത്തുവിട്ടത്.
മനുഷ്യന്റെ കോശങ്ങളിലേക്ക് കടക്കാൻ വൈറസ് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട "സ്പൈക്ക്" പ്രോട്ടീനിൽ ഒന്നിലധികം മ്യൂട്ടേഷനുകൾ ഉള്ളതിനാൽ പുതിയ ദക്ഷിണാഫ്രിക്കൻ വേരിയന്റ് രാജ്യത്ത് നിലവിൽ വ്യാപിക്കുന്ന വെെറസിൽ നിന്ന് വ്യത്യസ്തമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ബ്രിട്ടണിലും ദക്ഷിണാഫ്രിക്കയിലും കൊവിഡിന്റെ പുതിയ വകഭേദങ്ങൾ അടുത്ത സമയങ്ങളിൽ കണ്ടെത്തിയിരുന്നു. ഇത് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടാക്കിയത്.
അതേസമയം വെെറസിന്റെ പുതിയ വകഭേദം അവിശ്വസനീയമാംവിധം ആശങ്ക ഉളവാക്കുന്നുവെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. എന്നാൽ വാർത്തയോട് പ്രതികരിക്കാൻ അധികൃതർ തയ്യാറായില്ല.