pic

തിരുവനന്തപുരം:സഖ്യം തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെല്‍ഫെയര്‍ പാര്‍ട്ടി. കോണ്‍ഗ്രസിലെ പ്രതിസന്ധി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തലയിലിട്ട് മുല്ലപ്പള്ളി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ ഷഫീഖ് പറഞ്ഞു.

കെപിസിസി അദ്ധ്യക്ഷന്‍ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ് വേണ്ടത്. നീക്കുപോക്കുണ്ടാക്കാന്‍ മുന്‍കൈയെടുത്ത് ആരുടെയടുത്തും ഇതുവരെ അപേക്ഷയുമായി പോയിട്ടില്ല. എവിടെയൊക്കെ ധാരണയുണ്ടായോ അവിടെയെല്ലാം യുഡിഎഫിന് മെച്ചമുണ്ടായിട്ടുണ്ട്. ഒറ്റയ്ക്കുണ്ടാക്കിയ ധാരണയല്ലെന്നും മറുവശത്ത് കോണ്‍ഗ്രസ് ഉണ്ടായിരുന്നെന്നും ഷഫീഖ് ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ ചാനലിൽ നടന്ന ചര്‍ച്ചയ്ക്കിടെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവിന്റെ പ്രതികരണം.

"ഞങ്ങള്‍ ഒരു മുന്നണിയുടേയും ഭാഗമല്ല. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി ആരുടെയടുത്തും പോയിട്ടില്ല. ഞങ്ങള്‍ക്ക് സ്വതന്ത്രമായ രാഷ്ട്രീയമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ നീക്കുപോക്കിന്റെ രാഷ്ട്രീയം മറ്റൊന്നാണ്. അതിന്റെ ഗുണദോഷങ്ങളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറയാന്‍ തീരുമാനിച്ചാല്‍ ഒരുപാട് കാര്യങ്ങള്‍ പറയേണ്ടിവരും." കെ എ ഷഫീഖ് പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ദോഷമായി ഭവിച്ചെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞിരുന്നത്. ഇത്തരം വര്‍ഗീയ കക്ഷികളുമായുള്ള ബന്ധം തിരിച്ചടികുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യം ആവര്‍ത്തിക്കരുതെന്നാണ് തന്റെ നിലപാടെന്നും മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.