bird-flu

ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി വളർത്തുപക്ഷികളെ കൊന്നൊടുക്കും. ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് പഞ്ചായത്തുകളിലും, കോട്ടയത്തെ നീണ്ടൂരിലുമായി മുപ്പത്തിയെട്ടായിരത്തോളം പക്ഷികളെയാണ് കൊല്ലുക.

പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിലെ താറാവുകൾക്ക് പുറമെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയടക്കം കൊല്ലാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി ജില്ലാഭരണകൂടം ദ്രുതകർമ്മസേനയെ നിയോഗിച്ചിട്ടുണ്ട്.കേന്ദ്ര സർക്കാർ മാർഗനിർദ്ദേശപ്രകാരമായിരിക്കും നടപടി.

താറാവുകൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് ഭോപ്പാൽ ലാബിലേക്ക് സാമ്പിൾ അയച്ച് പരിശോധന നടത്തിയതിന് ശേഷമാണ് ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചത്. വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച് മനുഷ്യരിലേക്ക് പകരാൻ സാദ്ധ്യതയുണ്ടെങ്കിലും ഇതുവരെ ഈ വൈറസ് മനുഷ്യരിൽ പകർന്നിട്ടില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.