boris-johnson

ലണ്ടൻ: ബ്രിട്ടനിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൊവിഡിന്റെ പുതിയ വകഭേദം വ്യാപകമായി പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഒന്നരമാസത്തേക്കാണ് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം അടഞ്ഞുകിടക്കുമെന്നും, ഫെബ്രുവരി പകുതി വരെ നിയന്ത്രണങ്ങൾ തുടരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ബ്രിട്ടനിൽ പ്രതിദിനം അമ്പതിനായിരത്തിലധികം കൊവിഡ് കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ബ്രിട്ടനിൽ ഇരുപത്തേഴ് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 75,431 പേർ മരിച്ചു.