ദോഹ: ജിസിസി ഉച്ചകോടി നടക്കാനിരിക്കെ സൗദി-ഖത്തർ അതിർത്തി തുറന്നു. ഖത്തറിനെതിരായ ഉപരോധം പിൻവലിക്കാൻ സൗദി തീരുമാനിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് അറിയിച്ചു.
2017 ജൂണിൽ പ്രഖ്യാപിച്ച ഖത്തർ ഉപരോധത്തിന് ശേഷം ആദ്യമായാണ് അതിർത്തി തുറക്കുന്നത്. കൂടാതെ ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകൾ തുറക്കാനും സൗദി തീരുമാനിച്ചു. സൗദി അറേബ്യയിൽ നടക്കുന്ന ജിസിസി യോഗത്തിലേക്ക് ഖത്തർ അമീറിനെ സൗദി ഭരണാധികാരി സൽമാൻ രാജാവ് നേരത്തെ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെ ഉപരോധം പിൻവലിക്കുന്നതിന് സൗദി മുന്നോട്ടുവന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.