ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി വഴി സൗജന്യമായി അനുവദിച്ച കടലയും പയറും വകമാറ്റിയ സംഭവത്തിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ റിപ്പോർട്ട് തേടി. സിവിൽ സപ്ലൈസ് ഡയറക്ടറോടും, സംസ്ഥാന റേഷനിംഗ് കൺട്രോളറോടുമാണ് കമ്മിഷൻ ചെയർമാൻ കെവി മോഹൻകുമാർ റിപ്പോർട്ട് ആവശ്യപ്പെട്ടത്.
കേരളത്തിലെ 38.36 ലക്ഷം കാർഡുടമകൾക്കാണ് ഗരീബ് കല്യാൺ അന്നയോജന പദ്ധതിയിൽ കടലയോ പയറോ കിട്ടാൻ അർഹതയുള്ളത്. എന്നാൽ ഇവരിൽ പന്ത്രണ്ട് ലക്ഷത്തിലധികം പേർക്ക് നവംബർ മാസത്തിലെ വിഹിതം ഇനിയും കിട്ടാനുണ്ട്. സംഭവം വിവാദമായതോടെ കുടിശ്ശിക തീർത്ത് വിതരണം എത്രയും വേഗം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങി.
കടലയോ പയറോ ലഭിക്കാത്ത എഎവൈ(മഞ്ഞ), മുൻഗണന(പിങ്ക്) കാർഡുടമകൾക്ക് ജനുവരിയിൽ തന്നെ കുടിശ്ശികതീർത്ത് വിതരണം ചെയ്യാൻ പൊതുവിതരണവകുപ്പ് തിങ്കളാഴ്ച നിർദേശം നൽകി. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ പരിധിയിൽ വരുന്നവർക്ക് അനുവദിച്ച ധാന്യമായതിനാലാണ് ഭക്ഷ്യകമ്മിഷൻ സംഭവത്തിൽ ഇടപെട്ടിരിക്കുന്നത്. അർഹതയുണ്ടായിട്ടും കടലയോ, പയറോ ലഭിക്കാത്തവർക്ക് പരാതി നൽകാൻ കമ്മീഷൻ സൗകര്യമൊരുക്കും.
കഴിഞ്ഞ മേയ് മുതലാണ് കേന്ദ്ര സർക്കാർ കാർഡ് ഉടമകൾക്ക് ഒരോ കിലോ വീതം പയറും, കടലയും അനുവദിച്ചത്. ഒക്ടോബർ വരെ വിതരണം നടന്നു. എന്നാൽ നവംബർ മാസത്തിൽ ഭക്ഷ്യധാന്യക്കിറ്റിൽ ക്ഷാമംവന്നതോടെ കേന്ദ്രവിഹിതം വകമാറ്റുകയായിരുന്നു.