
ലണ്ടൻ: അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡ് വകഭേദത്തിനെതിരെ വാക്‌സിൻ ഫലപ്രദമാകാൻ സാദ്ധ്യത കുറവാണെന്ന് ബ്രിട്ടനിലെ ശാസ്ത്രജ്ഞർ. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ കൊവിഡ് വകഭേദം അതിവേഗമാണ് ജനങ്ങളിലേക്ക് പടരുന്നത്.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വൈറസ് വകഭേദത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. ഡിസംബർ 18 ന് ദക്ഷിണാഫ്രിക്കയിലെ മൂന്ന് പ്രവിശ്യകളിലാണ് അതിവേഗം പടരുന്ന SARS-CoV-2 ന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ദക്ഷിണാഫ്രിക്ക ഇതിന് 501Y.V2 എന്ന് പേരിട്ടിരുന്നു. ഈ വകഭേദം ഇതുവരെ നാല് രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പുതിയ വകഭേദത്തിൽ വാക്‌സിനുകൾ പരീക്ഷിക്കുകയാണെന്നും, ആറ് ആഴ്ചയ്ക്കുള്ളിൽ വാക്‌സിനുകൾക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. മനുഷ്യന്റെ കോശങ്ങളിലേക്ക് കടക്കാൻ വൈറസ് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട "സ്പൈക്ക്" പ്രോട്ടീനിൽ ഒന്നിലധികം മ്യൂട്ടേഷനുകൾ ഉള്ളതിനാൽ ദക്ഷിണാഫ്രിക്കയിലെ വകഭേദം രാജ്യത്ത് നിലവിൽ വ്യാപിക്കുന്ന വെെറസിൽ നിന്ന് വ്യത്യസ്തമാണെന്ന് ബ്രിട്ടനിലെ ശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തു.
അതേസമയം ബ്രിട്ടനിൽ കൊവിഡ് വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തിൽ ഒന്നരമാസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. നിലവിൽ അമ്പതിനായിരത്തിലധികം പ്രതിദിന കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.