സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷരെ തിരഞ്ഞെടുത്തപ്പോൾ സാമുദായിക പരിഗണനയും സന്തുലിതാവസ്ഥയും അട്ടിമറിച്ച സ്ഥിതിയാണ്. ഇടത്, വലത് മുന്നണികൾ വിജയിച്ച തദ്ദേശ സ്ഥാപനങ്ങളിൽ നല്ലൊരു ശതമാനത്തിലും ഈഴവസമുദായാംഗങ്ങൾ പിന്തള്ളപ്പെട്ടു. സംസ്ഥാനത്തെ ആറ് കോർപ്പറേഷൻ മേയർമാരിൽ ഈഴവ സമുദായത്തിൽ നിന്ന് ഒരാൾ പോലും ഇല്ലാതായി.
കൊല്ലം കോർപ്പറേഷനിൽ തുടർച്ചയായി അഞ്ചാം തവണയും ഭരണം നിലനിറുത്തിയ ഇടതുമുന്നണി മേയറാക്കാൻ ഈഴവ സമുദായാംഗത്തെ ഒരുഘട്ടത്തിലും പരിഗണിച്ചില്ല. ലത്തീൻ കത്തോലിക്ക വിഭാഗത്തിൽപ്പെട്ട പ്രസന്ന ഏണസ്റ്റിനെയാണ് സി.പി.എം മേയറാക്കാൻ തീരുമാനിച്ചത്. ഇത് രണ്ടാംതവണയാണ് പ്രസന്ന ഏണസ്റ്റ് കൊല്ലം മേയറാകുന്നത്. കൊല്ലം കോർപ്പറേഷൻ 2000 ൽ രൂപീകരിച്ച ശേഷം 2005 മുതൽ മൂന്നര വർഷക്കാലം സി.പി.എമ്മിലെ എൻ. പദ്മലോചനൻ മാത്രമാണ് ഈഴവ സമുദായത്തിൽ നിന്ന് മേയറായത്. അദ്ദേഹത്തെ കാലാവധി പൂർത്തിയാക്കാൻ പാർട്ടിയിലെ ഒരു വിഭാഗം അനുവദിച്ചില്ലെന്നത് ചരിത്രം. ആർ. ശങ്കറിനെപ്പോലുള്ള പ്രതിഭാധനരുടെ മണ്ണായ കൊല്ലത്ത് ഇപ്പോൾ സമുദായത്തിന് കനത്ത അവഗണനയാണ് രാഷ്ട്രീയ പാർട്ടികളിൽ നിന്നും അധികാര കേന്ദ്രങ്ങളിൽ നിന്നും നേരിടേണ്ടി വരുന്നത്. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം, കുണ്ടറ, ചവറ, ഇരവിപുരം തുടങ്ങിയ മണ്ഡലങ്ങളിൽ ക്രൈസ്തവ സമുദായത്തിന്റെ വോട്ടുകൾ എൽ.ഡി.എഫിന് ലഭിക്കണമെങ്കിൽ ആ സമുദായത്തിൽപ്പെട്ട ഒരാളെ മേയറാക്കണമെന്ന് സി.പി.എം എന്ന മതനിരപേക്ഷ വിപ്ളവ പാർട്ടിയിൽ ഉയർന്ന അഭിപ്രായമാണ് പ്രസന്ന ഏണസ്റ്റിനെ മേയറാക്കുന്ന തീരുമാനത്തിലേക്കെത്തിയത്. മുൻകാലങ്ങളിൽ മേയർ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ മറ്റു കോർപ്പറേഷനുകളിലെ അദ്ധ്യക്ഷരുടെ സാമുദായിക സന്തുലിതാവസ്ഥ കൂടി പരിഗണിക്കുമായിരുന്നുവെങ്കിലും ഇക്കുറി ഈഴവ സമുദായത്തെ പാടെ അവഗണിക്കുന്ന രീതിയിലായി തീരുമാനം. സംസ്ഥാനത്ത് ഇടതുമുന്നണി ഭരിക്കുന്ന മൂന്ന് കോർപ്പറേഷനുകളിൽ ക്രൈസ്തവ സമുദായാംഗങ്ങളെയാണ് സി.പി.എം മേയറാക്കിയത്. മേയർ തിരഞ്ഞെടുപ്പിലെ അവഗണനയെക്കുറിച്ച് ആക്ഷേപം ശക്തമാണെങ്കിലും കടുത്ത അവഗണനയ്ക്കെതിരെ ശക്തമായി പ്രതികരിക്കാനോ പ്രതിഷേധിക്കാനോ ആരും മുന്നോട്ട് വരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
കോർപ്പറേഷൻ കൂടാതെ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ക്രൈസ്തവ സമുദായാംഗമായ സി.പി.ഐ യിലെ സാം കെ.ഡാനിയേലിനാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഈഴവ സമുദായാംഗത്തിന് ലഭിച്ചപ്പോൾ
ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളിയിൽ മാത്രമാണ് ഈഴവ സമുദായക്കാരനായ അദ്ധ്യക്ഷനെ ലഭിച്ചത്. പുനലൂർ, പരവൂർ, കൊട്ടാരക്കര എന്നിവയാണ് മറ്റു മൂന്ന് മുനിസിപ്പാലിറ്റികൾ. 78 ഗ്രാമപ്പഞ്ചായത്തുകളിൽ ചിലയിടങ്ങളിൽ ലഭിച്ച അദ്ധ്യക്ഷസ്ഥാനമാണ് സമുദായത്തിന് അല്പമെങ്കിലും ആശ്വസിക്കാൻ വകയുള്ളത്. 11 ബ്ളോക്ക് പഞ്ചായത്തിലും സ്ഥിതി വ്യത്യസ്‌തമല്ല.
സി.വി കുഞ്ഞുരാമൻ, സി.കേശവൻ, പത്രാധിപർ കെ.സുകുമാരൻ തുടങ്ങി കേരളം കണ്ട പ്രതിഭാധനരുടെ ജന്മം കൊണ്ട് പവിത്രമായ സ്ഥലമാണ് മയ്യനാട്. ഈഴവ സമുദായത്തിന് നിർണായക സ്വാധീനമുള്ള മയ്യനാട് ഗ്രാമപ്പഞ്ചായത്തിൽ അദ്ധ്യക്ഷരെ തിരഞ്ഞെടുത്ത രീതി സമുദായത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്നതിന് സമമാണ്. ഇടതു മുന്നണിക്ക് ഭരണം ലഭിച്ച പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ലഭിച്ചത് മുസ്ലിം സമുദായാംഗങ്ങൾക്കാണ്. ജില്ലയിലെ മറ്റൊരു തദ്ദേശ സ്ഥാപനത്തിലും ഒരേ സമുദായക്കാരായവരെ അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തിട്ടില്ല. ഈ വിവേചനത്തിനെതിരെ സി.പി.എമ്മിൽ തന്നെ പ്രതിഷേധം ഉയർന്നെങ്കിലും പാർട്ടി നേതൃത്വം അത് കണക്കിലെടുത്തതേയില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിലും പഞ്ചായത്തിൽ ഈ വിവേചനം പ്രകടമായിരുന്നു. 23 വാർഡുകളുള്ള പഞ്ചായത്തിൽ സി.പി.എമ്മിന്റെ 14 സ്ഥാനാർത്ഥികളും മുസ്ലിം സമുദായത്തിൽ നിന്നുള്ളവരായിരുന്നു. ഈഴവ സമുദായത്തിൽ നിന്ന് രണ്ടുപേർ മാത്രം. യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയിൽ ഈഴവ സമുദായത്തിൽ നിന്ന് ആറുപേരുണ്ടായിരുന്നു.
ഈഴവ സമുദായത്തിന് നിർണായക സ്വാധീനമുള്ള കരുനാഗപ്പള്ളി കുലശേഖരപുരം ഗ്രാമപഞ്ചായത്ത് സമുദായത്തിൽ നിന്നുള്ള ഒരു അദ്ധ്യക്ഷനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് 42 വർഷമായി. ഇക്കുറിയും ഭരണം ലഭിച്ച എൽ.ഡി.എഫിൽ ഈഴവ സമുദായത്തിലെ 14 അംഗങ്ങളുണ്ടായിട്ടും മുന്നാക്ക സമുദായക്കാരനാണ് അദ്ധ്യക്ഷനായതെന്ന് പ്രദേശത്തെ ചില സി.പി.ഐ നേതാക്കൾ പറഞ്ഞു.
മാതൃകയായി ബി.ജെ.പി
ജില്ലയിൽ ഭരണം ലഭിച്ച ഏക പഞ്ചായത്തായ കല്ലുവാതുക്കലിൽ ഈഴവസമുദായാംഗത്തെ അദ്ധ്യക്ഷയാക്കി ബി.ജെ.പി മാതൃക കാട്ടി. എസ്.സുദീപയാണ് പ്രസിഡന്റ്. പത്തനംതിട്ടയിലെ പന്തളം നഗരസഭാ അദ്ധ്യക്ഷസ്ഥാനം പട്ടികജാതി വനിതാ സംവരണമല്ലാതിരുന്നിട്ടും ആ വിഭാഗത്തിൽ നിന്നുള്ള വനിതയെ അദ്ധ്യക്ഷയാക്കിയ ബി.ജെ.പി സി.പി.എമ്മിനെയും കോൺഗ്രസിനെയും ഞെട്ടിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുന്നാക്ക സമുദായാംഗങ്ങൾക്ക് മേൽക്കോയ്മയുണ്ടായിട്ടും കല്ലുവാതുക്കലിൽ ഈഴവ സമുദായാംഗത്തെ അദ്ധ്യക്ഷയാക്കാൻ ബി.ജെ.പി ജില്ലാ നേതൃത്വം തീരുമാനിച്ചത്.
സമുദായാംഗങ്ങൾക്ക് ഐക്യമില്ല: വെള്ളാപ്പള്ളി
തദ്ദേശസ്ഥാപന അദ്ധ്യക്ഷ സ്ഥാനങ്ങളിൽ നിന്ന് ഈഴവ സമുദായാംഗങ്ങളെ അകറ്റി നിറുത്തുന്നതിനു കാരണം സമുദായാംഗങ്ങളുടെ ഐക്യമില്ലായ്മയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഈ വിഷയം യോഗം കൗൺസിൽ ചർച്ച ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയവേളയിലും ഇടത്, വലത് മുന്നണികൾ ഈഴവരെ വെട്ടിനിരത്തിയ കാര്യം 'കേരളകൗമുദി"യാണ് ചൂണ്ടിക്കാട്ടിയത്. അദ്ധ്യക്ഷരെ നിശ്ചയിച്ചപ്പോഴും ഈ വെട്ടിനിരത്തൽ തുടർന്നു. കേരള നിയമസഭയിലെ യു.ഡി.എഫ് അംഗങ്ങളിൽ ഈഴവസമുദായത്തിൽ നിന്ന് ഒരാൾ പോലുമില്ല. തന്നെ സ്ഥാനത്ത് നിന്ന് ഇറക്കാനുള്ള നീക്കത്തിലാണ് സമുദായത്തിലെ ചിലർ ഏർപ്പെട്ടിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.