russian

വാഷിംഗ്ടൺ: റഷ്യയുമായുള‌ള ഇന്ത്യയുടെ ശതകോടികളുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാന കരാറിൽ എതിർപ്പുമായി അമേരിക്ക. 'ഇന്ത്യയുടെ റഷ്യയുമായുള‌ള കോടിക്കണക്കിന് ഡോളറിന്റെ എസ്-400 വ്യോമ പ്രതിരോധ സംവിധാന കരാർ നടപ്പാക്കുന്നതിന്റെ പേരിൽ അമേരിക്കയുടെ എതിരാളിയെ നേരിടുന്ന നിയമപ്രകാരം ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തും.' എന്നായിരുന്നു അമേരിക്കൻ കോൺഗ്രസിന്റെ ഗവേഷണ വിഭാഗമായ കോൺഗ്രഷണൽ റിസർച്ച് സർവ്വീസ്(സി.ആർ.എസ്) മുന്നറിയിപ്പ് നൽകിയത്.എന്നാൽ ഈ റിപ്പോർട്ട് കോൺഗ്രസിന്റെ ഔദ്യോഗിക റിപ്പോർട്ടല്ല. ഇത് കോൺഗ്രസ് അംഗങ്ങളുടെ അഭിപ്രായവുമല്ല മറിച്ച് അമേരിക്കയിലെ വിദഗ്‌ദ്ധരായ നിയമജ്ഞരാണ് ഇവ തയ്യാറാക്കുന്നത്.

2018 ഒക്‌ടോബറിലാണ് ഇന്ത്യ അഞ്ച് ബില്യൺ ഡോളറിന്റെ എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാന കരാർ റഷ്യയുമായി ഒപ്പുവച്ചത്. ഇന്ത്യ കരാറിൽ ഏർപ്പെടുന്നതിനെതിരെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് അന്നുതന്നെ ഉപരോധ ഭീഷണി മുഴക്കിയിരുന്നു. 2019ൽ ഇന്ത്യ മിസൈൽ സംവിധാനങ്ങൾ വാങ്ങുന്നതിന് റഷ്യയ്‌ക്ക് 800 മില്യൺ ഡോളർ നൽകിയിരുന്നു. ഭൂമിയിൽ നിന്ന് വായുവിലേക്ക് മിസൈൽ തൊടുക്കാൻ കഴിയുന്ന റഷ്യയുടെ അത്യാധുനിക മിസൈൽ സംവിധാനമാണ് എസ്-400.

അമേരിക്കയുടെ ഉപരോധ ഭീഷണിയുണ്ടെങ്കിലും ഇന്ത്യയുമായുള‌ള കരാർ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്ന് റഷ്യ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. അമേരിക്ക തുർ‌ക്കിയുമായി നടത്തുന്ന 2.5 ബില്യൺ അമേരിക്കൻ ഡോളറിന്റെ എസ്-400 മിസൈൽ പ്രതിരോധ സംവിധാന കരാറിനെ കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ ഇന്ത്യയുടെ റഷ്യൻ അംബാസിഡർ നികോളെ കുഡഷേവ് രൂക്ഷമായി വിമർശിച്ചിരുന്നു. ഇത് യു.എൻ സുരക്ഷാ കൗൺസിൽ അംഗീകാരമില്ലാത്തതാണെന്നായിരുന്നു കുഡഷേവ് അഭിപ്രായപ്പെട്ടത്. എന്നാൽ ഇന്ത്യയുമായി റഷ്യയുടെ കരാറിന് യു.എൻ സുരക്ഷാ കൗൺസിൽ അംഗീകാരമുണ്ട്.