
തിരുവനന്തപുരം: കേന്ദ്രം പാസാക്കിയ കാർഷിക ബില്ലുകൾക്കെതിരെ ഡൽഹിയിൽ നവംബർ 26 മുതൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി കേരളത്തിലെ കർഷകരും ഒപ്പം ചേരും. കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിലേക്ക് കേരളത്തിൽ നിന്ന് മാർച്ചുമായി കർഷകരെത്തും.ജനുവരി 11ന് കണ്ണൂരിൽ നിന്നാണ് ആദ്യസംഘം ഡൽഹിയ്‌ക്ക് പുറപ്പെടുക. ആദ്യസംഘത്തിൽ അഞ്ഞൂറുപേർ ഉണ്ടാകുമെന്ന് കർഷകസംഘം അറിയിച്ചു.
മൊത്തം ആയിരം പേരാകും ഇങ്ങനെ സമരത്തിൽ ചേരുകയെന്നാണ് കർഷകസംഘം ഭാരവാഹികൾ അറിയിച്ചത്. ഡിസംബർ 31ന് പ്രത്യേക നിയമസഭാ സമ്മേളനം ചേർന്ന് കേരളം കാർഷികനിയമ ഭേദഗതിക്കെതിരെ പ്രതികരിച്ചിരുന്നു. നിലവിൽ നിയമം പിൻവലിക്കും വരെ സമരം പ്രഖ്യാപിച്ചിരിക്കുന്ന കർഷകരുമായി പല തവണ കേന്ദ്രസർക്കാർ ചർച്ച നടത്തിയെങ്കിലും എല്ലാം പരാജയപ്പെട്ടു. ഏഴാംവട്ട ചർച്ചകൾ നടന്നത് കഴിഞ്ഞ ദിവസമാണ്.