പൂക്കൃഷിയിൽനിന്നും വരുമാനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ബന്ദികൃഷിയിലേക്ക് തിരിയാം. ഏതു കാലാവസ്ഥയിലും ഏതു ഭൂപ്രദേശത്തും കാര്യമായ പരിചരണങ്ങളൊന്നുമില്ലെങ്കിൽ പോലും നന്നായി വളർന്ന് പൂവിടാൻ ഇവയ്‌ക്ക് കഴിയും.
തൈകൾ ഉണ്ടാക്കുന്നതിന് പാകമായ പൂക്കളാണ് വിത്തുകളായി ഉപയോഗിക്കുന്നത്. കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ മുൻപ് ഈ ചെടികളുണ്ടായിരുന്നവെങ്കിൽ തൈകൾ അവിടെ നിന്നു തന്നെ ലഭിക്കും. അല്ലെങ്കിൽ വിത്ത് മുളപ്പിച്ചതിന് ശേഷം തൈകൾ പറിച്ച് കൃഷിസ്ഥലത്തേക്ക് മാറ്റി നടുന്നതാണ് നല്ലത്. വാണിജ്യാടിസ്ഥാനത്തിൽ പാട ശേഖരങ്ങളിൽ ബന്ദി കൃഷി ചെയ്യുന്നവരുടെ എണ്ണവും കൂടിവരികയാണ്. നന്നായി ഒരുക്കിയ നിലത്തിൽ കാലി വള്ളം ചേർത്ത് ഒരുക്കിയ മണ്ണിൽ വേണം കൃഷി ചെയ്യാൻ
തൈകൾ നട്ടതിന് ശേഷം ആവശ്യത്തിന് നനയ്‌ക്കണം. 30 മുതൽ 45 ദിവസങ്ങൾക്ക് ശേഷം നൈട്രജൻ വളം പ്രയോഗിക്കുന്നത് നല്ലതാണ്. ഇതോടൊപ്പം മണ്ണ് കിളയ്‌ക്കുകയും ആവശ്യമില്ലാത്ത ഇലകളും തലപ്പുകളും നുള്ളുകയും ചെയ്യണം.
നട്ട് കഴിഞ്ഞാൽ മണ്ണിന്റെ ഈർപ്പം, കാലാവസ്ഥ എന്നിവ പരിഗണിച്ച് നാല് മുതൽ ആറ് ദിവസം കൂടുമ്പോൾ നനയ്‌ക്കണം. വളർന്നു വരുന്നതനുസരിച്ച് തലപ്പുകൾ നുള്ളുന്നത് നല്ലതാണ്. ഇത് തൈകൾ നട്ട് 30 മുതൽ 45 ദിവസങ്ങൾക്ക് ശേഷം നടത്തണം. കീടങ്ങളുടെ ആക്രമണം ഇവയ്‌ക്ക് വളരെ കുറവാണ്. പുൽച്ചാടികൾ, തണ്ടുതുരപ്പൻ പുഴു എന്നിവ ചിലപ്പോൾ ആക്രമിക്കാറുണ്ട്. ചിലപ്പോൾ നീർവാർച്ചക്കുറവുള്ള മണ്ണ് വേര് ചീയലിന് കാരണമാകുന്നു. തൈകൾ മാറ്റി നട്ട് രണ്ട് രണ്ടര മാസത്തിന് ശേഷം പൂക്കൾ വിളവെടുക്കാം. പിന്നീട് തുടർച്ചയായി രണ്ട് മാസംകൂടി വിളവെടുക്കാവുന്നതാണ്. പൂക്കളുടെ എണ്ണം കുറഞ്ഞു തുടങ്ങുമ്പേഴേക്കും അടുത്ത കൃഷി ആരംഭിക്കാവുന്നതാണ്. വൈകുന്നേരങ്ങളിൽ വിളവെടുക്കുന്നതാണ് നല്ലത്.