bird-gujarat

അഹമ്മദാബാദ്: കേരളത്തിൽ കോട്ടയത്തും ആലപ്പുഴയിലും പക്ഷിപ്പനി കണ്ടെത്തിയതോടെ രോഗത്തെ സംസ്ഥാന ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്.ഇപ്പോഴിതാ കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് പക്ഷിപ്പനിയെന്ന് സംശയിക്കുന്ന വാർത്തകൾ വരികയാണ്. ഇവയിൽ ഏ‌റ്റവും ഒടുവിലത്തേതാണ് ഗുജറാത്തിലേത്. ജുനഗഡ് ജില്ലയിൽ മാനവദാർ താലൂക്കിൽ ഖരോ റിസർവോയറിൽ 53 ജലപക്ഷികളെ ജീവൻ നഷ്‌ടപ്പെട്ട നിലയിൽ കണ്ടെത്തി.

സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പക്ഷികളുടെ ശരീരം പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചു. എല്ലാവർഷവും ആയിരക്കണക്കിന് ദേശാടന പക്ഷികൾ താവളമടിക്കുന്ന ഇവിടെ പക്ഷിപ്പനി സാദ്ധ്യത തള‌ളുന്നില്ലെന്ന് വനംവകുപ്പ് അറിയിച്ചു. ഹെറോണുകൾ, കോംബ് ‌ഡക്കുകൾ എന്നിവയെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. നിലവിൽ ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, കേരളം, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

രാജസ്ഥാനിൽ കഴിഞ്ഞ ദിവസം 170 പക്ഷികൾ ചത്തതോടെ ആകെ 425 പക്ഷികളാണ് ഇവിടെ രോഗം ബാധിച്ച് ചത്തത്. കേരളത്തിൽ അരലക്ഷം പക്ഷികളെയാണ് രോഗം നിയന്ത്രിക്കുന്നതിനായി കൊന്നൊടുക്കേണ്ടി വരിക. പക്ഷികളിൽ അതിവേഗം പട‌ർന്ന് പിടിക്കുന്ന ശ്വാസകോശ രോഗമാണ് പക്ഷിപ്പനി. എച്ച്5എൻ1 ഇൻഫ്ളുവൻസ വൈറസാണ് രോഗം പടർത്തുന്നത്. ഇത് മനുഷ്യരെയും ബാധിക്കാവുന്നതാണ്. ഹിമാചലിൽ രോഗം ബാധിച്ചത് 1800ഓളം ദേശാടന പക്ഷികളിലാണ്. ഇവയിലേറെയും കുറിത്തലയൻ വാത്ത (bar headed geese)യാണ്.