anas

കോഴിക്കോട്: പ്രളയവും കൊവിഡും തകർത്ത ജീവിതങ്ങൾക്കുമേൽ കരിനിഴൽ വീഴ്‌ത്താൻ പക്ഷിപ്പനിയും. കഴിഞ്ഞദിവസം അപ്പർ കുട്ടനാട്ടിൽ താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചെങ്കിലും ജില്ലയിലെ കോഴി കർഷകർക്കും കച്ചവടക്കാർക്കും വലിയ ആശങ്കകളില്ല. കഴിഞ്ഞ മാർച്ചിൽ കൊടിയത്തൂരിലും വേങ്ങേരിയിലും കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിന് പിന്നാലെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഫാമുകൾ അടച്ചുപൂട്ടുകയും ആയിരക്കണക്കിന് കോഴികളെയും അലങ്കാര പക്ഷികളെയും കൊന്നൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ എല്ലാ വേനൽക്കാലത്തും സംസ്ഥാനത്ത് ഏതെങ്കിലും ഭാഗങ്ങളിൽ പക്ഷിപ്പനി വരാറുണ്ടെന്നും അതിന്റെ ഭാഗമായി എല്ലായിടത്തും കോഴികളെയും പക്ഷികളെയും കൊന്നൊടുക്കേണ്ടതില്ലെന്നുമാണ് കച്ചവടക്കാരുടെ പക്ഷം. കോട്ടയത്ത് നാടൻ താറാവുകൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും ജില്ലയിൽ മഞ്ചേരിയിൽ നിന്ന് ബ്രോയിലർ താറാവുകളെയാണ് എത്തിക്കുന്നതെന്നുമാണ് കച്ചവടക്കാർ പറയുന്നത്. കടകളിൽ കോഴികളെ എത്തിക്കുന്നത് തമിഴ്‌നാട്, പാലക്കാട്, മണ്ണാർക്കാട് ഭാഗങ്ങളിൽ നിന്നാണ്. കഴിഞ്ഞ തവണത്തെ പോലെ അനാവശ്യ അടച്ചിടലിനും കൊന്നൊടുക്കലിനും കച്ചവടക്കാർക്ക് താല്പര്യമില്ല. കോർപ്പറേറ്റ് കമ്പനികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് അന്ന് കോഴികളെ കൊന്നൊടുക്കിയതെന്ന ആക്ഷേപവും കച്ചവടക്കാർക്കുണ്ട്.

 ജില്ലയിലെ വില

കോഴി (കിലോ )- 180

താറാവ്- 500

"കഴിഞ്ഞ തവണത്തെ പോലെ അനാവശ്യമായി കോഴികളെയും താറാവുകളെയും കൊന്നൊടുക്കേണ്ട കാര്യമില്ല. എല്ലാ ചൂടുകാലത്തും പക്ഷിപ്പനി ഉണ്ടാവാറുള്ളതാണ്. എന്നാലും പരിശോധിച്ചാണ് എടുക്കാറുള്ളത് "- അനസ്, ചിക്കൻ സ്റ്റോൾ ഉടമ, നടക്കാവ്

"മഞ്ചേരിയിൽ നിന്നാണ് താറാവുകളെ കൊണ്ടുവരുന്നത്. നിലവിൽ ഇവിടെ പ്രശ്നങ്ങളൊന്നുമില്ല- അസീസ്, ചിക്കൻ സ്റ്റോൾ ഉടമ, തൊണ്ടയാട് "