സമീപകാലത്ത് ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ച ഒന്നായിരുന്നു പൊലീസ് നിയമത്തിൽ ഓർഡിനൻസ് വഴി സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഭേദഗതി. ഓൺലൈൻ സമൂഹമാദ്ധ്യമങ്ങളിലെ വ്യക്തി അധിക്ഷേപങ്ങൾ തടയാനെന്ന പേരിൽ കൊണ്ടുവന്ന 118 A എന്ന ഭേദഗതിപൗര അവകാശങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യ സമൂഹത്തിനും നേരെയുള്ള കടന്നാക്രമണമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. ജനാധിപത്യ നിയമവാഴ്‌ചയെ മറികടന്ന് പൊലീസിന് അമിതാധികാരം നൽകുന്നതാണ് ഭേദഗതി എന്നായിരുന്നു ആക്ഷേപം.ഐടി നിയമത്തിൽ ഭേദഗതിയിലൂടെ കൂട്ടിച്ചേർത്ത 66 ( A ) എന്ന ഉപവകുപ്പ് ഭരണഘടനയുടെ 19(1) (a) വകുപ്പ് അനുസരിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് കണ്ട് സുപ്രീംകോടതി റദ്ദാക്കിയപ്പോൾ അതേ മാതൃകയിലുള്ള കേരള പൊലീസ് നിയമത്തിലെ 118 ഉ വകുപ്പും റദ്ദാക്കിയിരുന്നു .ആ വ്യവസ്ഥകളാണ് കൂടുതൽ ഭീകര സ്വഭാവത്തോടെ സംസ്ഥാന സർക്കാർ കൊണ്ടുവരുന്നത് എന്ന് ആക്ഷേപമുയർന്നു.
ഏതുതരത്തിലുള്ള ആശയവിനിമയവും 'ആർക്കെങ്കിലും' മാനഹാനി ഉണ്ടാക്കുന്നതാണ് എന്ന് ' ആർക്കെങ്കിലും തോന്നിയാൽ' അത് മൂന്നു കൊല്ലം വരെ തടവും 10,000 രൂപ പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമായി മാറുന്നതായിരുന്നു വിചിത്രമായ പുതിയ ഭേദഗതി. പരാതിക്കാർ ആരും ഇല്ലെങ്കിൽ പോലും പൊലീസിന് നേരിട്ട് കേസെടുക്കാം എന്നതായിരുന്നു നിയമത്തിലെ വ്യവസ്ഥ. ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയ ഉപാധികളിലൂടെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ എല്ലാം നിയമത്തിന്റെ പരിധിയിൽ വരുന്നു. വാർത്താമാദ്ധ്യമങ്ങൾ മാത്രമല്ല ജനാധിപത്യസമൂഹത്തിൽ അടിസ്ഥാനപരമായ മുഴുവൻ
സംവാദങ്ങളും ഇല്ലാതാക്കാൻ ഈ നിയമം ഉപയോഗിക്കപ്പെടും എന്ന് പൊതുസമൂഹം ആശങ്കപ്പെട്ടു. വാറണ്ടില്ലാതെ പൊലീസിന് ആരെയും അറസ്റ്റ് ചെയ്യാനാകുമെന്നതായിരുന്നു ഈ നിയമത്തിൽ ഏറ്റവും വിമർശിക്കപ്പെട്ട ഭാഗം. ഭീഷണിപ്പെടുത്തുക, അധിക്ഷേപിക്കുക, അപമാനിക്കുക, അപകീർത്തി തുടങ്ങിയ കാര്യങ്ങൾ വിപുലമായ വ്യാഖ്യാന സാദ്ധ്യത നൽകുന്നതാണ്. അത് വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യം ഈ നിയമം പോലീസിന് നൽകുന്നു എന്നതായിരുന്നു എതിർപ്പിന് കാരണം. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ലൈക്ക് ചെയ്‌താലോ അതിനോട് പ്രതികരിച്ചാലോ പോലും പ്രതി ചേർക്കപ്പെട്ട് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യപ്പെടാം എന്ന അവസ്ഥ.
ഇത്രയും പ്രത്യാഘാതങ്ങൾ ഉണ്ടായിരുന്ന ഒരു നിയമഭേദഗതി ചർച്ചകളില്ലാതെ ഓർഡിനൻസിലൂടെ കണ്ടുവന്ന നടപടിയും വിമർശിക്കപ്പെട്ടു. പക്ഷേ ഈ വിമർശനങ്ങളെല്ലാം മുഖ്യമന്ത്രി ആദ്യഘട്ടത്തിൽ തള്ളിക്കളയുകയാണ് ചെയ്‌തത്. മറ്റുള്ളവരുടെ ജീവിതം തകർക്കലാണ് തന്റെ സ്വാതന്ത്ര്യം എന്ന് കരുതുന്നവർക്ക് മാത്രമേ ഇതിൽ സ്വാതന്ത്ര്യലംഘനം കാണാനാകൂ എന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലെ ചാനലുകൾ ഉപയോഗിച്ച് കുടുംബബന്ധങ്ങൾ തകർക്കുകയും മനുഷ്യത്വരഹിതവും നീചവുമായ സൈബർ ആക്രമണം മാദ്ധ്യമപ്രവർത്തനത്തിന്റെ മറവിൽ നടത്തുകയും ചെയ്യുന്നു എന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ജനങ്ങളുടെ അന്തസ്, മാന്യത എന്നിവ പരിരക്ഷിക്കാനായി സർക്കാർ ബാദ്ധ്യസ്ഥമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പക്ഷം.
പക്ഷേ, ഓൺലൈൻ വ്യക്തി അധിക്ഷേപങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ കൊണ്ടുവരുന്ന നിയമം ജനാധിപത്യപരമായി നടക്കുന്ന സംവാദങ്ങളും തടസപ്പെടുത്തുകയും കൂച്ചുവിലങ്ങ് ഇടുകയും ചെയ്യും എന്നായിരുന്നു ആശങ്ക. ഡിജിറ്റൽ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയത് പോലെയുള്ള ഒന്നാണിതെന്ന് വിമർശനമുയർന്നു. ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അതേ ഭാഷയാണ് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ സർക്കാർ കൊണ്ടുവരുന്നത് എന്നും വ്യാഖ്യാനമുയർന്നു.
നിയമം സദുദ്ദേശത്തോടെ ഉണ്ടാക്കിയതാണെങ്കിലും ദുരുപയോഗം ചെയ്യപ്പെടും എന്നു സർക്കാരിനൊപ്പം ഉള്ളവർ അഭിപ്രായപ്പെട്ടപ്പോൾ ഏറ്റവും അടുത്ത അവസരത്തിൽ തന്നെ അത് പിൻവലിക്കാനുള്ള ഓർഡിനൻസ് ഇറക്കി സർക്കാർ ഈ വിവാദത്തിൽ നിന്നും തലയൂരി. വെറും 3 ദിവസം മാത്രം നിലവിൽ നിന്ന 118 അ എന്ന നിയമ ഭേദഗതിയ്‌ക്ക് അതോടെ അന്ത്യമായി.
ഈ നിയമ ഭേദഗതി ഓർഡിനൻസും പിൻവലിക്കൽ ഓർഡിനൻസും സ്വാഭാവികമായും ഒരുപാട് കാർട്ടൂണുകൾ ക്ക് വഴി തെളിയിച്ചു. കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ആദ്യ കാർട്ടൂണിൽ സ്വന്തം മൂക്കിൻ തുമ്പത്ത് ഇരിക്കുന്ന സോഷ്യൽ മീഡിയ എന്ന ചെറു പ്രാണിയെ നേരിടാൻ 118 A എന്ന അരിവാൾ കൊണ്ട് മൂക്ക് തന്നെ മുറിച്ചുകളയുന്ന പഴങ്കഥയിലെ രാജാവായിട്ടാണ് മുഖ്യമന്ത്രിയെ ചിത്രീകരിച്ചത്. ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിൻ തുമ്പ് വരെ മാത്രമാണെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ നിയമത്തെ ന്യായീകരിച്ചു പറഞ്ഞ വാക്കുകളായിരുന്നു ഈ കാർട്ടൂണിന് ആധാരം. രണ്ടു ദിവസത്തിനു ശേഷം നിയമഭേദഗതി പിൻവലിച്ചപ്പോൾ വിക്രമാദിത്യന്റെ തോളിൽ നിന്ന് പറന്ന് മുരിങ്ങ മരത്തിൽ തലകീഴായി തൂങ്ങിക്കിടക്കുന്ന വേതാളമായും പൊലീസ് ആക്‌ടിനെ ചിത്രീകരിച്ചു. ഈ രണ്ട് കാർട്ടൂണുകളും വായനക്കാർക്കിടയിൽ സജീവമായ ചർച്ചയായി.