ന്യൂഡൽഹി: മോദി സർക്കാരിന്റെ പ്രധാന പദ്ധതികളിൽ ഒന്നായ സെൻട്രൽ വിസ്‌ത പ്രൊജക്‌ട് രേഖയ്‌ക്ക് സുപ്രീംകോടതി അംഗീകാരം നൽകി. മൂന്നംഗ ബെഞ്ച് 2-1 ഭൂരിപക്ഷത്തിനാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. ജസ്‌റ്റിസ് എ.എം ഖാൻവീൽക്കർ, ദിനേശ് മഹേശ്വരി, സഞ്ജയ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് അംഗീകാരം നൽകിയത്.പദ്ധതിയുടെ പാരിസ്ഥിതിക അനുമതിയും ഭൂമി ഉപയോഗത്തിനെ സംബന്ധിച്ചുളള അനുമതി രേഖയ്‌ക്കും സാധുതയുണ്ടെന്ന് മൂന്നംഗ ബെഞ്ച് വിലയിരുത്തി.
എല്ലാ പ്രൊജക്‌ടുകൾക്കും നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും മുൻപ് പാരമ്പര്യ സംരക്ഷണ സമിതിയുടെ അനുമതി വാങ്ങണം. പരിസ്ഥിതി മന്ത്രാലയം പ്രൊജക്‌ടിന് അംഗീകാരം നൽകിയതിനെ മാനിക്കുന്നതായും സുപ്രീംകോടതി അറിയിച്ചു. പദ്ധതിയുടെ നിർമ്മാണത്തിന് പരിസ്ഥിതി സൗഹൃദ വസ്‌തുക്കൾ മാത്രമേ ഉപയോഗിക്കാവൂ എന്നും കോടതി നിർദ്ദേശമുണ്ട്.
ത്രികോണാകൃതിയിലുളളതും 900 മുതൽ 1200 എം.പിമാർക്ക് വരെ ഇരിപ്പിടമുളളതുമായ പുതിയ പാർലമെന്റ് മന്ദിരമാണ് സെൻട്രൽ വിസ്‌ത പദ്ധതിയിൽ പ്രധാനം. രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തിൽ 2022 ഓഗസ്‌റ്റ് മാസത്തിൽ നിർമ്മാണം പൂർത്തിയാക്കാനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. ഇവിടെ കേന്ദ്ര സെക്രട്ടേറിയറ്റ് 2024ഓടെ പൂർത്തിയാക്കാനാണ് കേന്ദ്ര തീരുമാനം.
ഡൽഹി പുനരുദ്ധാരണത്തിന്റെ ഭാഗമായുളള പുതിയ പാർലമെന്റ് കെട്ടിടം നിർമ്മിക്കുക ടാറ്റയാണ്. 861.90 കോടി രൂപയ്‌ക്കാണ് ടാറ്റ പ്രൊജക്‌ട്‌സ് ലിമിറ്റഡ് മന്ദിരം നിർമ്മിക്കുന്നത്.