കൊല്ലം: പോരുവഴി പഞ്ചായത്ത് ഓഫീസിന്റെ മുന്നിൽ രാവിലെ എത്തിയവരെല്ലാം അന്തംവിട്ടുപോയി ഓഫീസിലേക്ക് കടക്കുന്ന പ്രധാന വാതിലും, ഉളളിലേക്ക് കടന്നാൽ പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും മുറികളും, സെർവർ റൂം, ഫ്രണ്ട് ഓഫീസ് തുടങ്ങി എല്ലായിടവും തുറന്നിട്ടിരിക്കുകയായിരുന്നു.
മുറികളിൽ നിന്ന് മദ്യത്തിന്റെ രൂക്ഷ ഗന്ധമുണ്ടെന്ന് സ്ഥലത്തെത്തിയ ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു. പഞ്ചായത്ത് ഓഫീസ് ഇന്നലെ
അടച്ചിരുന്നെങ്കിലും മദ്യപിക്കാൻ വേണ്ടി തുറന്നുവെന്നാണ് ഇവർ പറയുന്നത്. രാവിലെ മുതൽ ബി.ജെ.പിയുടെ ജനപ്രതിനിധികളും പ്രവർത്തകരും ചേർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉപരോധിച്ചു. ജീവനക്കാർ ഓഫീസ് പൂട്ടാൻ മറന്നതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. മദ്യപിക്കാൻ തുറന്നതിന്റെ ലക്ഷണങ്ങൾ ഇല്ലെന്നും പൊലീസ് പറയുന്നു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് പോരുവഴി വാസുദേവന്റെ മരണവുമായി ബന്ധപ്പെട്ട് അനുസ്മരണ യോഗം പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് നടന്നത്. ബി.ജെ.പിയാണ് യോഗവും നടത്തിയത്. ഈ സമയത്ത് പഞ്ചായത്ത് ഓഫീസ് അടഞ്ഞിരിക്കുകയായിരുന്നു. അതിന് ശേഷമാണ് മദ്യപിക്കാൻ വേണ്ടി ഭാരവാഹികളുടെ ഒത്താശയോടെ ഓഫീസ് തുറന്നതെന്ന് ഇവർ ആരോപിക്കുന്നു.
സംഭവത്തെ കുറിച്ച് മനസിലാക്കാൻ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കാമെന്നാണ് പൊലീസിന്റെ അഭിപ്രായം. ജില്ലാ കളക്ടർ സ്ഥലത്തെത്തി ഉചിതമായ നടപടി സ്വീകരിക്കുംവരെ പ്രതിഷേധം തുടരുമെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു. നിലവിൽ യു.ഡി.എഫാണ് പഞ്ചായത്ത് ഭരിയ്ക്കുന്നത്. എൽ.ഡി.എഫിനും ബി.ജെ.പിയ്ക്കും യു.ഡി.എഫിനും ഇവിടെ തുല്യ സീറ്റുകളാണ് ലഭിച്ചിരുന്നത്. എസ്.ഡി.പി.ഐ
പിൻതുണച്ചതോടെ യു.ഡി.എഫ് ഇവിടെ അധികാരത്തിൽ വന്നു.