മുംബയ്: മുംബയിലെ മിറ–ബയാൻഡർ ക്രൗൺ ബിസിനസ് ഹോട്ടലിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിൽ കന്നട നടി ശ്വേത കുമാരിയെ (27) മയക്കുമരുന്ന് സഹിതം അറസ്റ്റ് ചെയ്തു. 400 ഗ്രാം മെഫെഡ്രോൺ (എം.ഡി) ആണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. 2015ൽ ‘റിങ് മാസ്റ്റർ’ എന്ന കന്നട ചിത്രത്തിൽ ശ്വേത കുമാരി അഭിനയിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഗോവയിലും മഹാരാഷ്ട്രയിലുമായി (എൻ.സി.ബി) നടത്തിയ പരിശോധനയിൽ വിവിധയിടങ്ങളിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു.
ശ്വേതകുമാരിക്കെതിരെ കേസെടുത്തതായി എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ പറഞ്ഞു. മയക്കുമരുന്ന് വില്പനയിലെ പ്രധാനിയെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം നടക്കുകയാണ്. സംസ്ഥാനാന്തര മയക്കുമരുന്ന് സിൻഡിക്കേറ്റിന്റെ വരുമാനസ്രോതസ്സിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിനു പിന്നാലെയാണ് ചലച്ചിത്ര മേഖലയിലെ മയക്കുമരുന്നുപയോഗം ചർച്ചയാകുന്നതും ഒട്ടേറെ ചലച്ചിത്ര പ്രവർത്തകർ പിടിയിലാകുന്നതും. സെപ്തംബറിൽ കന്നട നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗിൽറാണിയും അറസ്റ്റിലായിരുന്നു.