laxmi

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് വെല്ലുവിളി ഉയർത്തി വീണ്ടുമൊരു രാജി കൂടി. പശ്ചിമ ബംഗാൾ കായിക സഹമന്ത്രി ലക്ഷ്മി രത്തൻ ശുക്ല രാജിവച്ചു. മുൻ ക്രിക്കറ്റ് താരം കൂടിയായ ശുക്ല തൃണമൂൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം കൂടി രാജിവച്ചിട്ടുണ്ട്. അതേ സമയം എം.എൽ.എ സ്ഥാനം രാജിവച്ചിട്ടില്ല.

തൃണമൂൽ കോൺഗ്രസ് ഹൗറ ജില്ലാ അദ്ധ്യക്ഷനായിരുന്നു ശുക്ല. സജീവ രാഷ്ട്രീയം വിടുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം സ്ഥാനങ്ങൾ രാജിവച്ചതെന്നാണ് റിപ്പോർട്ടുകൾ.

എം.എൽ.എമാരും എം.പിമാരുടങ്ങുന്ന തൃണമൂൽ നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറി കൊണ്ടിരിക്കെയാണ് ശുക്ലയുടെ രാജി.

തൃണമൂൽ കോൺഗ്രസിലെ പ്രമുഖനും പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ മമത ബാനർജിക്കൊപ്പം നിർണായക ശക്തിയുമായ സുവേന്ദു അധികാരിയാണ് അടുത്തിടെ ബി.ജെ.പിയിൽ ചേർന്നവരിൽ മമതയ്ക്ക് ഏറെ വെല്ലുവിളിയുയർത്തുന്നത്. തിരഞ്ഞെടുപ്പെത്തുമ്പോൾ ദീദി മാത്രമേ പാർട്ടിയിലുണ്ടാവുകയുള്ളൂവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും മമതയെ പരിഹസിച്ചിരുന്നു.

അതേസമയം, രാഷ്ട്രീയത്തിൽ നിന്നു മാറിനിൽക്കാനാണ് ലക്ഷ്മി രത്തൻ ശുക്ല താത്പര്യപ്പെടുന്നതെന്ന് ചില ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.