sensex

കൊച്ചി: കൊവിഡ് പ്രതിസന്ധിയിലും ഉലയാതെ അനുദിനം റെക്കാഡ് തിരുത്തി മുന്നേറുന്ന സെൻസെക്‌സിന്റെ മൂല്യം 192 ലക്ഷം കോടി രൂപ കടന്നു. ഇന്നലെ മാത്രം വർദ്ധന 1.18 ലക്ഷംകോടി രൂപ. ഇന്നലെ വ്യാപാരാന്ത്യം 260 പോയിന്റ് നേട്ടവുമായി 48,437ലാണ് സെൻസെക്‌സുള്ളത്. 66 പോയിന്റ് ഉയർന്ന് 14,199ലാണ് നിഫ്‌റ്റി. രണ്ടും സർവകാല റെക്കാഡ് ഉയരമാണ്.

ഇന്നലെ സെൻസെക്‌സ് ഒരുവേള ചരിത്രത്തിലെ ഏറ്റവും ഉയരമായ 48,486ലും നിഫ്‌റ്റി 14,215ലും തൊട്ടിരുന്നു. എച്ച്.ഡി.എഫ്.സി., എച്ച്.ഡി.എഫ്.സി ബാങ്ക്., ആക്‌സിസ് ബാങ്ക്, ടി.സി.എസ്., ടൈറ്റൻ, ഐ.സി.ഐ.സി.ഐ ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയാണ് ഇന്നലെ സെൻസെക്‌സിലെ പ്രധാന മുന്നേറ്റക്കാർ.

₹91 ലക്ഷം കോടി

കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് 23ന് സെൻസെക്‌സിന്റെ മൂല്യം 101.86 ലക്ഷം കോടി രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. തുടർന്ന്, മെല്ലെ തിരിച്ചുകയറിയ സെൻസെക്‌സിന്റെ മൂല്യം റെക്കാഡുകൾ തിരുത്തി മുന്നേറി. ഇന്നലെ മൂല്യം 192.87 ലക്ഷം കോടി രൂപയാണ്. മാ‌ർച്ച് 23 മുതൽ ഇതുവരെ നേട്ടം 91 ലക്ഷം കോടി രൂപ.

 കഴിഞ്ഞ 10 സെഷനുകളിലായി മാത്രം സെൻസെക്‌സിന്റെ മുന്നേറ്റം 2,800ലേറെ പോയിന്റുകൾ

 ഇക്കാലയളവിൽ മൂല്യക്കുതിപ്പ് 13 ലക്ഷം കോടി രൂപയ്ക്കുമേൽ

 12.50 ലക്ഷം കോടി രൂപയുമായി റിലയൻസ് ഇൻഡസ്‌ട്രീസ് ഏറ്റവും മൂല്യമേറിയ കമ്പനി

 ₹12 ലക്ഷം കോടി രൂപയ്ക്കടുത്ത് മൂല്യവുമായി ടി.സി.എസ് തൊട്ടുപിന്നിൽ