gold

കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളും റെക്കാഡ് വിലക്കയറ്റവും മൂലം 2020ൽ ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി ദശാബ്‌ദത്തിലെ ഏറ്റവും കുറഞ്ഞതലത്തിലേക്ക് കൂപ്പുകുത്തി. പ്രതിവർഷം ശരാശരി 800-900 ടൺ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിൽ കഴിഞ്ഞവർഷം എത്തിയത് 275.5 ടണ്ണാണ്. കണക്കുകൾ കേന്ദ്രസർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ലോക്ക്ഡൗൺ ഇളവുകളുടെയും ഉത്സവ-വിവാഹ സീസണുകളുടെയും പിൻബലത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങായി ഇറക്കുമതി കരകയറുന്നുണ്ട്. ഡിസംബറിൽ ഇറക്കുമതി 18 ശതമാനം ഉയർന്ന് 55.4 ടണ്ണിലെത്തി.

പവന് ₹320 കൂടി

സ്വർണവിലയിലെ കുതിപ്പ് തുടരുകയാണ്. ഇന്നലെ പവന് 320 രൂപ വർദ്ധിച്ച് 38,400 രൂപയായി. 40 രൂപ ഉയർന്ന് 4,800 രൂപയാണ് ഗ്രാം വില. കഴിഞ്ഞ രണ്ടുമാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. രാജ്യാന്തര വില ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഔൺസിന് 1,950 ഡോളറിലെത്തി.

 പുതുവർഷത്തിൽ ഇതുവരെ പവന് കൂടിയത് 960 രൂപ; ഗ്രാമിന് 120 രൂപ.