lock

ലണ്ടൻ: കൊവിഡ് വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് പടരാൻ തുടങ്ങിയതോടെ യു.കെയിൽ വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഫെബ്രുവരി പകുതിവരെ ലോക്ക്ഡൗൺ ഉണ്ടാകുമെന്നും രാജ്യത്തെ പ്രൈമറി,​ സെക്കൻഡറി സ്കൂളുകൾ അടിച്ചിടാനും തീരുമാനിച്ചെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. രാജ്യം നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊവിഡ് പ്രതിസന്ധി മറികടന്നെന്ന വിശ്വാസത്തിലായിരുന്നു രാജ്യം. പൊതു ഇടങ്ങൾ സജീവമാകുകയും ജനജീവിതം പഴയപടി ആകുന്നതിനും ഇടയിലായിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസ് വില്ലനായി യു.കെയിൽ എത്തിയത്. ഇതോടെ പ്രധാന നഗരങ്ങൾ ഉൾപ്പടെ രാജ്യത്തിന്റെ എല്ലാ മേഖലകളും ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു. കൊവിഡ് വൈറസ് ആദ്യം കണ്ടെത്തിയപ്പോൾ കഴിഞ്ഞ മാർച്ച് മുതൽ ജൂൺ വരെ സമ്പൂർണലോക്ക് ഡൗണിലായിരുന്നു രാജ്യം. കഴിഞ്ഞ സെപ്റ്റംബർ പകുതിയോടെ തെക്കുകിഴക്കൻ ഇംഗ്ലണ്ടിലും ലണ്ടനിലും വൈറസ് വ്യാപനം അതിശക്തമാകുകയായിരുന്നു. തുടർന്ന് നടത്തിയ പഠനത്തിലാണ് ഇത് ജനിതകമാറ്റം വന്ന വൈറസാണെന്ന് കണ്ടെത്തിയത്. ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം 70 ശതമാനം കൂടുതലാണെന്നതും രണ്ടാം ലോക്ക് ഡൗണിന് കാരണമായി പറയുന്നു. പുതിയ രോഗവ്യാപനം ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളെ കാര്യമായി ബാധിച്ചിരുന്നു.

നിലവിൽ കൊവിഡ് 50 ലക്ഷത്തിന് മുകളിലാണ് കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക്.

അതുപോലെ മരണവും പ്രതിദിനം ഉയരുകയാണ്. നിലവിൽ 27 ലക്ഷത്തിന് മുകളിലാണ് രോഗികളുടെ എണ്ണം.

ഫൈസർ വാക്സിൻ സ്വീകരിച്ച നഴ്സ് മരിച്ചു

കൊവിഡ് വൈറസിനെ ചെറുക്കാൻ നിരവധി വാക്സിനുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുന്നത്. എന്നാൽ വാക്സിൻ സ്വീകരിച്ച പലരിലും ആരോഗ്യപ്രശ്നങ്ങളും അലർജിയും ഉണ്ടാകുന്നത് ആശങ്കഉണ്ടാക്കുന്നുണ്ട്. ഇതിന് ആക്കം കുട്ടുന്നതാണ് പുതിയ വാർത്ത. പോർച്ചുഗീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഓങ്കോളജി പീഡിയാട്രിക് ശസ്ത്രക്രിയാ അസിസ്റ്റന്റ് നഴ്സ് ഫൈസർ വാക്സിൻ സ്വീകരിച്ച് രണ്ട് ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തി. പീഡിയറ്റ് സോണിയ അസെവെഡോ(41)​ ആണ് മരിച്ചത്. എന്നാൽ വാക്സിൻ സ്വീകരിച്ച ശേഷം മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ കണ്ടിരുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അസെവെഡോയുടെ പിതാവ് അബിലിയോ പോർച്ചുഗീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

തന്റെ മകൾ ഒരിക്കൽ പോലും മദ്യം കഴിച്ചിട്ടില്ല. പ്രത്യേകിച്ച് മറ്റ് ഭക്ഷണങ്ങളും കഴിച്ചിട്ടുമില്ല. തന്റെ മകൾക്ക് എന്താണ് സംഭവിച്ചതെന്നതിന് ഉത്തരം വേണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ പോർച്ചുഗലിൽ 538 പേർക്കാണ് ഫൈസർ ബയോൺടെക് വാക്സിൻ നൽകിയത്. ഇതിൽ മരിച്ച നഴ്സും ഉൾപ്പെടും. നഴ്സിന്റെ മരണകരണം കണ്ടെത്തുമെന്നും അതിനുള്ള അന്വേഷണം ആരംഭിച്ചെന്നും അധികൃതർ വ്യക്തമാക്കി.

10 ദശലക്ഷത്തിലധികം ജനങ്ങളുള്ള പോർച്ചുഗലിൽ ഇതുവരെ 4 ലക്ഷത്തിൽ കൂടുതൽ രോഗികളാണ് റിപ്പോർട്ട് ചെയ്തത്.