മൂന്നാം ടെസ്റ്റിന് നാളെ സിഡ്നിയിൽ തുടക്കം
രോഹിത് ശർമ്മ മായാങ്ക് അഗർവാളിന് പകരം കളിച്ചേക്കും
സിഡ്നി : ആസ്ട്രേലിയയ്ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ സിഡ്നിയിൽ തുടങ്ങാനിരിക്കേ ഇന്ത്യൻ സംഘത്തിന് പ്രഹരമായി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ.എൽ രാഹുലിന്റെ കൈത്തണ്ടയ്ക്ക് പരിക്ക്. ഏകദിന ,ട്വന്റി-20 പരമ്പരകളിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന രാഹുലിന് ആദ്യ രണ്ട് ടെസ്റ്റുകളിൽ അവസരം നൽകിയിരുന്നില്ല. മൂന്നാം ടെസ്റ്റിൽ രാഹുലിനെ കളിപ്പിക്കാനുള്ള സാദ്ധ്യതകൾ ശക്തമാകുന്നതിനിടെയാണ് പരിക്കിന്റെ രൂപത്തിലെത്തിയ നിർഭാഗ്യം പിടികൂടിയത്.
നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് രാഹുലിന് പരിക്കേറ്റത്. പ്രാഥമിക പരിശോധനയിൽ രണ്ടാഴ്ചത്തെയെങ്കിലും വിശ്രമം ആവശ്യമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് രാഹുലിനെ നാട്ടിലേക്ക് മടക്കി അയയ്ക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചു.
പരിക്കിന്റെ പട്ടിക നീളുന്നു
കൊവിഡ് കാലത്തെ പര്യടനത്തിൽ ഇന്ത്യയെ പരിക്ക് വേട്ടയാടുകയാണ്. വൈസ് ക്യാപ്ടൻ രോഹിത് ശർമ്മ ഐ.പി.എല്ലിനിടെ സംഭവിച്ച പരിക്കിനെത്തുടർന്ന് ഏകദിന,ട്വന്റി-20 പരമ്പരകളിൽ കളിച്ചിരുന്നില്ല. മൂന്നാം ടെസ്റ്റിൽ രോഹിത് കളിക്കും. ഇശാന്ത് ശർമ്മയെ പരിക്കുമൂലം ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഒന്നാം ടെസ്റ്റിനിടെ പേസർ മുഹമ്മദ് ഷമിക്ക് പരിക്കേറ്റതാണ് മറ്റൊരു വലിയ തിരിച്ചടി. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റത് ഉമേഷ് യാദവിനാണ്. അതിന് പിന്നാലെയാണ് രാഹുലിനും പരിക്ക് പണി നൽകിയത്.
രോഹിത് ഓപ്പൺ ചെയ്യും
രാഹുലിന് പരിക്കേറ്റതോടെ സിഡ്നി ടെസ്റ്റിൽ ഓപ്പണർ റോളിൽ രോഹിത് ശർമ്മ എത്തിയേക്കും. വൈസ് ക്യാപ്നടനായ രോഹിതിന് മദ്ധ്യ നിരയിൽ കളിക്കാനായിരുന്നു താത്പര്യം. ആസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് ഫോർമാറ്റിലെ പരിചയക്കുറവായിരുന്നു കാരണം. അതിനാൽ ഫോമിലല്ലാത്ത ഓപ്പണർ മായാങ്ക് അഗർവാളിനെ മാറ്റുന്ന സഥാനത്ത് കെ.എൽ രാഹുലിനെ കളിപ്പിക്കാനും രോഹിതിനെ മദ്ധ്യനിരയിൽ ഹനുമ വിഹാരിക്ക് പകരം കളിപ്പിക്കാനും ആലോചനയുണ്ടായിരുന്നു. എന്നാൽ രാഹുലിന് പരിക്കേറ്റതോടെ മായാങ്കിന് പകരം രോഹിതിനെ ഓപ്പണറായിത്തന്നെ ഇറക്കേണ്ടിവരും. ഹനുമ വിഹാരിയെ തുടരാൻ അനുവദിക്കുകയും ചെയ്യും.