ക്രൈസ്റ്റ് ചർച്ച് : പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇരട്ട സെഞ്ച്വറിയുടെ തിളക്കവുമായി കിവീസ് നായകൻ കേൻ വില്യംസൺ. 238 റൺസടിച്ച വില്യംസണിന്റെയും 157 റൺസ് നേടിയ ഹെൻട്രി നിക്കോൾസിന്റെയും 102 റൺസടിച്ച ഡാരിൽ മിച്ചലിന്റെയും മികവിൽ ന്യൂസിലാൻഡ് ഒന്നാം ഇന്നിംഗ്സിൽ 659/6 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തു.പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 297ൽ അവസാനിച്ചിരുന്നു. 362 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ പാകിസ്ഥാൻ മൂന്നാം ദിവസം കളി നിറുത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ എട്ട് റൺസ് എടുത്തിട്ടുണ്ട്.
വില്യംസണും നിക്കോൾസും നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 369 റൺസാണ് കിവീസ് ഇന്നിംഗ്സിന്റെ ഹൈലൈറ്റ്. ടെസ്റ്റ് ക്രിക്കറ്റിൽ കിവീസിന്റെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൂട്ടുകെട്ടാണിത്.പാകിസ്ഥാനെതിരെ മറ്റൊരു ടീം നേടുന്ന ഏറ്റവും ഉയർന്ന നാലാമത്തെ കൂട്ടുകെട്ടുമാണിത്. പാകിസ്ഥാനെതിരെ ആദ്യമായാണ് കിവീസ് ട്രിപ്പിൾ സെഞ്ച്വറി കൂട്ടുകെട്ട് ഉയർത്തുന്നത്. കേൻ വില്യംസണിന്റെ ഏറ്റവും കൂട്ടുകെട്ടിലെ പങ്കാളിത്തവുമാണിത്. 2015ൽ ശ്രീലങ്കയ്ക്ക് എതിരെ വാറ്റ്‌ലിംഗിനൊപ്പം 365 റൺസ് വില്യംസൺ കൂട്ടിച്ചേർത്തിരുന്നു.
364പന്തുകൾ നേരിട്ട വില്യംസൺ 28 ബൗണ്ടറികളടക്കമാണ് 238 റൺസടിച്ചത്.
291പന്തുകൾ നേരിട്ട നിക്കോൾസ് 18 ബൗണ്ടറികളും ഒരു സിക്സുമടക്കമാണ് 157 റൺസടിച്ചത്.