ahaana-krishna

തന്റെ വീട്ടിൽ മലപ്പുറം സ്വദേശിയായ യുവാവ് അതിക്രമിച്ച് കയറിയ സംഭവത്തിൽ പ്രതികരിച്ച് നടി അഹാന കൃഷ്ണ. സംഭവം വളരെ വിചിത്രമായിരുന്നുവെന്നും വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഫസൽ ഉൾ അക്ബറിന് മാനസികമായ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാണു താൻ കരുതുന്നതെന്നും നടി പറയുന്നു. അതേസമയം പ്രതിയുടെ പേരോ സ്ഥലമോ ആയി സംഭവത്തിന് യാതൊരു ബന്ധവുമില്ലെന്നും ഇക്കാര്യത്തെ വർഗീയവത്കരിക്കരുതെന്നും അഹാന പറയുന്നുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികൾ വഴിയാണ് നടി ഈ പ്രതികരണം നടത്തിയത്. സംഭവം നടക്കുന്ന വീട്ടിലുണ്ടായിരുന്നില്ലെന്നും തന്നെ വിവാഹം കഴിക്കണമെന്നാണ് ഫസൽ ഉൾ അക്ബർ പൊലീസിനോട് പറഞ്ഞതെന്ന് മനസിലാക്കുന്നതെന്നും നടി പറയുന്നു.

ahaana1

'അത് വളരെ വിചിത്രമായ സാഹചര്യം തന്നെയായിരുന്നു. ഇത്തരം സിനിമാറ്റിക് സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. എന്റെ കുടുംബം മുഴുവൻ ഇതുകാരണം ഭയന്നുവിറച്ചിരിക്കുകയാണ്. ഇങ്ങനെ ചെയ്യുന്നവർ ഇത്തരത്തിൽ പ്രവർത്തിച്ചിട്ട് കടന്നുകളയാമെന്ന് കരുതരുത്. സ്വന്തം ജീവിതം നശിപ്പിക്കരുത്. സ്വകാര്യതാ ലംഘനത്തിനും ഏറെ അപ്പുറമാണിത്. ഇത് വേണ്ടവിധം കൈകാര്യം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഈ സംഭവത്തെ രാഷ്ട്രീയവത്കരിക്കുകയോ വർഗീയവത്കരിക്കുകയോ ചെയ്യരുതെന്ന് എല്ലാ മാദ്ധ്യമ സ്ഥാപനങ്ങളോടും വ്യക്തികളോടും ഞാൻ അഭ്യർത്ഥിക്കുകയാണ്. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഈ സംഭവത്തിന് പ്രതിയുടെ പേരുമായോ സ്ഥലവുമായോ യാതൊരു ബന്ധവുമില്ല.'-അഹാന പറയുന്നു.

ahaana2

മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശിയായ ഫസൽ ഉൾ അക്ബറാണ് ഇന്നലെ രാത്രി ഒമ്പതര മണിയോടെ കൃഷ്ണകുമാറിന്റെ വീടിന്റെ ഗേറ്റ് ചാടി കടക്കുകയും വീട്ടിലേക്ക് കയറാൻ ശ്രമിക്കുകയും ചെയ്തത്. കൃഷ്ണകുമാറും കുടുംബവും നോക്കി നിൽക്കെയാണ് പ്രതി ആക്രമണ ശ്രമം നടത്തിയത്. സംഭവസമയത്ത് അഹാന കൃഷ്ണ വീട്ടിലുണ്ടായിരുന്നില്ല. പ്രതിയുടെ ബന്ധുക്കളുമായി പൊലീസ് സംസാരിച്ചുവെങ്കിലും ഫസലിനെ ജാമ്യത്തിലിറക്കാനോ ഏറ്റെടുക്കാനോ തങ്ങൾക്ക് താത്പര്യമില്ല എന്നാണ് അവരുടെ നിലപാട്. ഫസലിന് മാനസിക പ്രശ്നങ്ങളുണ്ടോ എന്നും ഇയാൾ ലഹരിക്കടിമയാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നടന്റെ വീടിനു നേരെയുണ്ടായ അതിക്രമ ശ്രമത്തിന്‌ പിന്നിൽ രാഷ്ട്രീയ കാരണങ്ങളല്ല ഉള്ളതെന്നും പൊലീസ് വ്യക്തമാക്കി.

ahaana3