vaccine

നോയിഡ: ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സിൻ 190 ഓളം രാജ്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്‌തുവെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച് ഇന്ത്യ ടിവി ചീഫ് എഡിറ്റർ രജത് ശർമ്മ.വാക്‌സിൻ ഏറെ ഫലപ്രദവും ചിലവ് കുറഞ്ഞതും സംഭരണ ശേഷിയുള്ളതുമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളും നമ്മുടെ ശാസ്‌ത്രജ്ഞൻമാരുടെ കഴിവുമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

"നമ്മുടെ രാജ്യത്ത് നിർമ്മിച്ച വാക്‌സിൻ ഏറെ ഫലപ്രദവും ചിലവ് കുറഞ്ഞതും സംഭരണ ശേഷിയുള്ളതുമാണ്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളും നമ്മുടെ ശാസ്‌ത്രജ്ഞൻമാരുടെ കഴിവുമാണ് ഇതിന് കാരണം. 190 രാജ്യങ്ങൾ വാക്‌സിൻ മുൻകൂട്ടി ബുക്ക് ചെയ്‌തിട്ടുണ്ടെന്ന കാര്യം വാക്‌സിന്റെ സുരക്ഷയിൽ സംശയം പ്രകടപ്പിക്കുന്നവർ മനസിലാക്കണം." രജത് ശർമ്മ ട്വീറ്റ് ചെയ്‌തു.

अपने देश में बनी वैक्सीन कारगर है, सस्ती है और इसे स्टोर करना आसान है. ये नरेंद्र मोदी की नीति और हमारे वैज्ञानिकों की कुशलता का प्रतीक है. इस पर बेवजह शक करने वाले जान लें कि इस वैक्सीन की एडवाँस बुकिंग 190 देशों ने करवाई है. @narendramodi

— Rajat Sharma (@RajatSharmaLive) January 3, 2021

ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനായി സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്‌സിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും ദിവസങ്ങൾക്ക് മുമ്പാണ് ഡ്രഗ് കൺട്രോളർ ജനറൽ അനുമതി നൽകിയിരുന്നത്. ഇതിന് പിന്നാലെ മൂന്നാം ഘട്ടം പരീക്ഷണം പൂർത്തിയാക്കാത്ത കൊവാക്‌സിന് അനുമതി നൽകിയതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.ഐ.സി.എം.ആറിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെ ഇന്ത്യ വികസിപ്പിച്ച ഏക തദ്ദേശ വാക്‌സിനാണ് ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ.


ജനുവരി മൂന്നിന് ഭാരത് ബയോടെക്ക് മേധാവി ഡോ.കൃഷൻ പുറത്തിറക്കിയ പ്രസ്‌താവനയിൽ ആഗോളതലത്തിൽ വാക്‌സിൻ ലഭ്യാക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് പറഞ്ഞിരുന്നു. 70ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇത് വരെ ഭാരത് ബയോടെക്കിന്റെ യൂണിറ്റുകൾ സന്ദർശിച്ചെങ്കിലും വാക്‌സിൻ മുൻ കൂട്ടി ബുക്ക് ചെയ്‌തിട്ടില്ല.

സാമ്പത്തിക നിലവാരം കണക്കിലെടുക്കാതെ എല്ലാ രാജ്യങ്ങളിലേക്കും അതിവേഗം കൊവിഡ് വാക്‌സിൻ എത്തിക്കുന്നതിനുള്ള ആഗോള സംരംഭമാണ് "കൊവാക്‌സ്". ഇതിന്റെ ഭാഗമാകുന്ന 190 രാജ്യങ്ങളിലേക്ക് എകദേശം രണ്ട് ബില്യൺ വാക്‌സിൻ ഡോസുകൾ എത്തിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. കൊവാ‌ക്‌സിൽ നിന്നാകാം 190 എന്ന സംഖ്യവന്നതെന്ന് കരുതപ്പെടാം.