ak-shsheendran

കണ്ണൂർ: പാലാ സീറ്റ് തർക്കത്തിലൂടെ ചേരിതിരിഞ്ഞ എൻ.സി.പിയുടെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മന്ത്രി എ.കെ.ശശീന്ദ്രൻ, പാർട്ടി അദ്ധ്യക്ഷൻ ശരത് പവാറിനെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കും. ദേശീയ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണിത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ ഉൾപ്പെടെ നാല് സീറ്റുകളും ലഭിച്ചില്ലെങ്കിൽ ഇടതുമുന്നണി വിടുമെന്ന് എൻ.സി.പി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു. നഷ്ടം സഹിച്ച് എൽ.ഡി. എഫിൽ തുടരേണ്ടെന്ന നിലപാടാണ് പവാറിനും. എന്നാൽ, ഇടതുമുന്നണി വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ബോധ്യപ്പെടുത്താനാണ് പവാർ കൂടിക്കാഴ്ചയിലൂടെ ശശീന്ദ്രൻ ലക്ഷ്യമിടുന്നത്. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ ജില്ലാതല യോഗങ്ങൾ വിളിച്ച് ഇടതുമുന്നണി വിടണമെന്ന ആവശ്യം ശക്തമാക്കുമ്പോൾ, മന്ത്രി ശശീന്ദ്രൻ ഇടതുപക്ഷത്ത് തുടരാനുള്ള സമ്മർദ്ദം ശക്തമാക്കുകയാണ്.

തെക്കൻജില്ലകളിൽ പീതാംബരന്റെ നേതൃത്വത്തിൽ യോഗങ്ങൾ വിളിച്ചെങ്കിലും സമവായത്തിലെത്താനായില്ല.മറ്റു ജില്ലകളിൽ ഈ മാസം യോഗം വിളിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ സീറ്റുകൾ സി.പി. എം പിടിച്ചെടുക്കുന്നതിലുള്ള പ്രതിഷേധമാണ് ജില്ലായോഗങ്ങളിൽ പീതാംബരൻ ചർച്ചയാക്കുന്നത്.അതേ സമയം വിവിധ ഗസ്റ്റ് ഹൗസുകളിൽ ക്യാമ്പ് ചെയ്ത് ശശീന്ദ്രൻ പ്രവർത്തകരെയും നേതാക്കളെയും കാണുന്നുണ്ട്.

യു.ഡി.എഫിലേക്ക് മാറാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ നീക്കത്തിനൊപ്പം ശശീന്ദ്രൻ നിൽക്കുമോയെന്നതിലും അവ്യക്തതയുണ്ട്. പാലാ സീറ്റ് ലഭിച്ചില്ലെങ്കിൽ മുന്നണി മാറുമെന്ന് മാണി സി കാപ്പൻ ഉൾപ്പെടെയുള്ള നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നേതൃത്വം ഈ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ, ശശീന്ദ്രൻ എൽ.ഡി.എഫിൽ തുടരുമെന്നാണ് സൂചന. 40 വർഷമായി എൽ.ഡി.എഫിലുള്ള പാർട്ടി മുന്നണി വിടേണ്ടതില്ലെന്ന നിലപാടാണ് ദേശീയ നേതൃത്വം മുമ്പാകെ ശശീന്ദ്രൻ ബോധ്യപ്പെടുത്തുന്നത്‌.