trump

വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഔദ്യോഗികമായി ചുമതല എൽക്കുന്ന ചടങ്ങിൽ നിന്ന് ഡൊണാൾഡ് ട്രംപ് വിട്ടുനിൽക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 20നാണ് ബൈഡൻ സ്ഥാനം ഏൽക്കുന്നത്. ട്രംപിന്റെ പ്രസിഡന്റ് കാലാവധി തീരുന്ന ദിവസം സ്കോട്ട്ലൻഡിലേക്ക് പോകാൻ ഒരുങ്ങുന്നതായാണ് സൂചന.

സ്‌കോട്ട്‌ലൻഡിൽ ട്രംപിന്റെ ടേൺബെറി ഗോൾഫ് റിസോർട്ടിന് സമീപത്തുള്ള പ്രെസ്റ്റ്‌വിക്ക് വിമാനത്താവളത്തിൽ യുഎസ് കരസേനയുടെ ബോയിംഗ് 757 വിമാനം 19ന് എത്തിച്ചേരുമെന്ന് സണ്‍ഡേ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ വൈറ്റ് ഹൗസ് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി ആരോപിച്ച് ബൈഡന്റെ വിജയം അംഗീകരിക്കാൻ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടാവുമെന്ന് ട്രംപ് നേരത്തെ സൂചന നൽകിയിരുന്നു.

പുതിയ പ്രസിഡന്റിനെ എതിരേറ്റ ശേഷം ഔദ്യോഗിക വസതി വിടുകയെന്നതാണ് നിലവിലെ രീതി. ബൈഡനെ തോല്പിക്കാനാവശ്യമായ വോട്ട് കണ്ടെത്തണമെന്ന് സ്‌റ്റേറ്റ് സെക്രട്ടറിയോട് ട്രംപ് ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയും ഇതിനിടെ പുറത്തു വന്നിരുന്നു.

1801 ൽജോൺ ആഡംസ്, 1829ൽ ജോൺ ക്വിൻസി ആഡംസ്, 1869ൽ ആൻഡ്രൂ ജോൺസൺ എന്നിവർ തങ്ങളുടെ പിൻഗാമികളെ കാത്തുനിൽക്കാതെ വൈറ്റ്ഹൗസ് വിട്ടവരാണ്. ഇവർക്ക് പിന്നാലെയാണ് ട്രംപും തന്റെ പിൻഗാമിയെ കാത്തുനിൽക്കില്ലെന്നുള്ള വിവരം പുറത്തുവരുന്നത്..