കൊച്ചി: സ്വർണാഭരണ വിതരണ മേഖലയെയും പണം തിരിമറി തടയൽ നിയമത്തിന് (പി.എം.എൽ.എ) കീഴിലാക്കിയ ധനമന്ത്രാലയത്തിന്റെ തീരുമാനവും അതിന്റെ ചുവടുപിടിച്ച് വിപണിയെ ആകെ സംശയത്തിന്റെ നിഴലിലാക്കിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ സർക്കുലറും വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ആശങ്കയിലാഴ്‌ത്തുന്നു.
നിയമാനുസൃതം പ്രവർത്തിക്കുന്ന കടയിൽ നിന്ന് സ്വർണം എല്ലാ രേഖകളും സമർപ്പിച്ച് വാങ്ങിയാലും വാങ്ങൽമൂല്യം 10 ലക്ഷം രൂപയ്ക്കുമേൽ ആണെങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നോട്ടീസും ചോദ്യങ്ങളും ഏറ്റുവാങ്ങേണ്ടിവരുമോയെന്ന ആശങ്കയാണ് ഉപഭോക്താക്കൾക്ക്. സമൂഹത്തിന് മുന്നിൽ സംശയത്തിന്റെ നിഴലിലാക്കുന്ന ഇത്തരം ആശങ്ക, ഉപഭോക്താക്കളെ അനധികൃത സ്വർണവിപണിയിലേക്ക് നയിക്കുമെന്ന ഭീതി സ്വർണ വ്യാപാരികൾക്കുമുണ്ട്.
ആദായ നികുതിവകുപ്പിന് നിലവിൽ സ്വർണാഭരണ മേഖലയിലെ എല്ലാ കണക്കുകളും ലഭ്യമാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ആദായ നികുതി വകുപ്പ് ആവശ്യപ്പെടുന്ന പ്രത്യേക സാമ്പത്തിക ഇടപാട് (എസ്.എഫ്.ടി) രേഖകൾ നിലവിൽ കൈമാറാറുമുണ്ട്. ആദായനികുതി വകുപ്പിനും കേന്ദ്ര എക്‌സൈസ് വകുപ്പിനും പുറമേ ഇ.ഡി കൂടി നിരീക്ഷണവും നോട്ടീസ് നൽകലും ആരംഭിച്ചാൽ, സ്വതന്ത്രമായ വ്യാപാരത്തെ അത് ദോഷകരമായി ബാധിക്കുമെന്നും വ്യാപാരികൾ പറയുന്നു.
ഇ.ഡിയുടെ സർക്കുലർ
₹10 ലക്ഷം രൂപയ്ക്കുമേലുള്ള ഇടപാട് വിവരങ്ങൾ ഇ.ഡിക്ക് കൈമാറണം
കാശ് (നോട്ട്) നൽകി സ്വർണം വാങ്ങുന്നവരുടെ വിവരം രേഖപ്പെടുത്തി സൂക്ഷിക്കണം
അനധികൃത സ്വർണം, പണം എന്നിവ കണ്ടെത്തിയാൽ കണ്ടുകെട്ടലിന് പുറമേ 3-7 വർഷം തടവ്