കടുത്ത ദാരിദ്ര്യത്തിൽ വലയുന്നവർ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടുന്ന പാടുകൾ ചില്ലറയൊന്നുമല്ല. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ പട്ടിണിക്കിടാതിരിക്കാൻ പുഴയിൽ മീൻ പിടിക്കാൻ പോകുന്ന യുവാവ്. പക്ഷേ, അതുകൊണ്ട് അയാളുടെ ജീവിതത്തിൽ ഒന്നുമാകുന്നില്ല. അവിടേക്കാണ് അയാളോട് യുദ്ധം ചെയ്യാൻ മറ്റൊരാൾ എത്തുന്നത്. അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടമാണ് പിന്നീട്. ആര് ജയിക്കും? ആരെങ്കിലും തോറ്റ് പിന്മാറുമോ? കൗമുദി ഷോട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച സൗണ്ട് ഓഫ് സൈലൻസ് എന്ന ഹ്രസ്വചിത്രം പറയുന്നത് അതാണ്.
ഡയലോഗുകളുടെ സഹായമില്ലാതെ അച്ഛന്റേയും അമ്മയുടെയും പറക്കമുറ്റാത്ത മകളുടെയും ചേഷ്ടകളിലൂടെയാണ് ഹ്രസ്വചിത്രത്തിന്റെ കഥാതന്തു വികസിക്കുന്നത്. കഥാപാത്രങ്ങൾ എല്ലാം തന്നെ ഇന്നും പട്ടിണിയിൽ ജീവിക്കുന്ന യഥാർത്ഥ മനുഷ്യരുടെ പ്രതിബിംബങ്ങളാണ്. ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ അവരെല്ലാം നമ്മൂടെ സമൂഹത്തോട് പിരിച്ചെറിയാനാവാത്ത വിധം ഇഴ ചേർന്നു കിടക്കുന്നു. തങ്ങൾ പട്ടിണി കിടന്നാലും വേണ്ടില്ല കുരുന്നുകൾക്ക് കരുത്തും കരുതലുമേകാൻ അവർ എന്തിനും തയ്യാറാണ്.
ചൂണ്ടയിൽ കൊത്തിയ മത്സ്യത്തെ പാത്രത്തിലാക്കാൻ ശ്രമിക്കുന്നതിനിടെ കൈയിൽ നിന്നു കുതറി തിരികെ പുഴയിലേക്ക് അത് ചാടുമ്പോൾ അതിനെ നോക്കുന്ന അയാളുടെ നിരാശയും തന്നെ കാത്തിരിക്കുന്നവരുടെ പ്രതീക്ഷ അറ്റുപോകുന്നതും യുവാവിന്റെ മുഖത്ത് തെളിഞ്ഞു കാണാം. ഇത്തരത്തിൽ നിശബ്ദമായ ശബ്ദങ്ങൾക്ക് പകരം ദൃശ്യങ്ങൾ കൊണ്ട് പ്രേക്ഷകന്റെ ഹൃദയത്തെ തൊടുകയാണ് സംവിധായകനായ സജിത്ത് ദാസൻ. സുബിൻ മാഞ്ഞുമ്മേൽ, ശ്രീലാൽ പണിക്കർ, സാറാ റീത്ത സിറിൽ, വൈഗമോൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.