ന്യൂഡൽഹി: കൊവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ വ്യാപിക്കുന്നതിനാൽ ഇന്ത്യൻ സന്ദർശനം റദ്ദാക്കി ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്ത്യയുടെ മുഖ്യാതിഥിയായി പങ്കെടുക്കാനിരിക്കെയാണ് ബോറിസ് ജോൺസൺ യാത്ര റദ്ദാക്കിയത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
സന്ദർശനം റദ്ദാക്കേണ്ടിവന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി ബ്രിട്ടീഷ് വക്താവ് പറഞ്ഞു. ഇന്ത്യ സന്ദർശിക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിക്കുന്നതായും പുതിയ വെെറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ യു.കെയിൽ തന്നെ തുടരേണ്ടതുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രസ്‌താവനയിലൂടെ അറിയിച്ചു.
യു.കെയിൽ കൊവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് വീണ്ടും സമ്പൂർണ്ണ ലോക്‌ഡൗൺ പ്രഖ്യാപിച്ചിരുന്നു. വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ബ്രിട്ടനിലേക്കുള്ള വിമാന സർവീസുകൾക്ക് വിവിധ രാജ്യങ്ങൾ നിയന്ത്രണങ്ങളുമേർപ്പെടുത്തി. ഇതിന് പിന്നാലെയാണ്
സന്ദർശനം സംബന്ധിച്ച് ബ്രിട്ടൺ വ്യക്തത വരുത്തിയത്.