ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ച ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ ലിമിറ്റഡിന്റെ(ഗെയിൽ) കൊച്ചി-കൂറ്റനാട്-ബംഗളുരു-മംഗളുരു പൈപ്പ്‌ലൈൻ പദ്ധതിയുടെ വിജയത്തിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയ ദാർഢ്യവും ആർജ്ജവവുമാണ് പ്രവർത്തിച്ചെന്നതിൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിമർശകർക്കിടയിൽ പോലും എതിരഭിപ്രായമുണ്ടാകാൻ ഇടയില്ല.
സമരക്കാരുടെ പ്രതിഷേധങ്ങൾ ഉൾപ്പെടെ ഏറെ കടമ്പകൾ മുന്നിലുണ്ടായിട്ടും രണ്ട് പ്രളയങ്ങൾ തടസം സൃഷ്ടിച്ചിട്ടും പദ്ധതി പൂർത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഈ പദ്ധതി പൂര്‍ത്തിയാകില്ലായിരുന്നുവെന്നും സഹകരണാത്മക ഫെഡറലിസത്തിന്റെ മികച്ച ഉദ്ദാഹരണമാണ് ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് നടത്തിയ പ്രവര്‍ത്തനമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ 2006ലാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. 2007 ജനുവരിയിൽ ടെർമിനലിന് തറക്കല്ലിട്ടു. 2013 ആഗസ്റ്റിൽ ടെർമിനൽ കമ്മിഷൻ ചെയ്യുകയും 43 കിലോമീറ്റർ പൈപ്പ്ലൈൻ സ്ഥാപിച്ച് കൊച്ചിയിലെ വ്യവസായങ്ങൾക്ക് എൽ.എൻ.ജി നൽകുകയും ചെയ്തു. എന്നാൽ മംഗലാപുരം വരെയുള്ള പൈപ്പ് ലൈനിന് 2012ൽ ഉമ്മൻ ചാണ്ടി സർക്കാർ അംഗീകാരം നൽകിയെങ്കിലും പദ്ധതിക്കെതിരെ വൻതോതിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
മലബാർ ഭാഗത്ത്, പദ്ധതിയുടെ തുടക്കം മുതൽ തന്നെ തീവ്രസ്വഭാവുമുള്ള സംഘടനകൾ വൻ പ്രതിഷേധവുമായി രംഗത്തുവന്നു. ശേഷം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും സമരങ്ങളുടെ ഭാഗമായി മാറി. ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടുകയും സർവേയും പൈപ്പിടലും തടസപ്പെടുകയും ചെയ്തതോടെ അന്നത്തെ സർക്കാർ പദ്ധതി നടപ്പാക്കുന്നതിൽ നിന്നും പുറകോട്ട് പോകാൻ ആരംഭിച്ചു. ജനങ്ങളുടെ സംശയങ്ങൾ പരിഹരിക്കുന്നതിൽ അധികൃതർ ജാഗ്രത കാട്ടാതിരുന്നതും സുരക്ഷ സംബന്ധിച്ച കുപ്രചാരണങ്ങളും സമരത്തിന് ആക്കം കൂട്ടുകയാണ് ഉണ്ടായത്.
പൈപ്പ്ലൈനിന്റെ ജോലികൾ പുനരാരംഭിക്കാൻ കഴിയാതായതോടെ പിന്മാറാൻ 2015 ൽ ഗെയിൽ തീരുമാനിക്കുകയുമുണ്ടായി. അതേസമയം, 2016ൽ അധികാരമേറ്റ എൽ.ഡി.എഫ്. സർക്കാർ പദ്ധതിക്കെതിരെയുള്ളസമരങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം പ്രധാനമന്ത്രി മോദിയെ കണ്ടിരുന്ന പിണറായിയോട് ഗെയിൽ പദ്ധതി നടപ്പാക്കാൻ സാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. ഇതിന് 'നിശ്ചയമായും' എന്നാണ് മുഖ്യമന്ത്രി അന്ന് മറുപടി നൽകിയത്.
തുടർന്ന് ജില്ലാ ഭരണകൂടങ്ങൾ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരെ ഉപയോഗിച്ച് ജനങ്ങൾക്കിടയിൽ സർക്കാർ ബോധവത്കരണം നടത്തി. പദ്ധതി അപകടം സൃഷ്ടിക്കില്ലെന്നും സ്ഥലത്തിന് വിപണിവില ഉറപ്പാക്കുമെന്നും വ്യക്തമാക്കി. സ്ഥലം ഏറ്റെടുപ്പ് പുനരാരംഭിക്കുകയും സ്ഥലത്തിന്റെ വില ഇരട്ടിയാക്കി ഉയർത്തുകയും ചെയ്തു. തീവ്രപ്രതിഷേധങ്ങൾ പൊലീസ് നേരിട്ടു.
ദുരന്തനിവാരണ നിയമം അനുസരിച്ചും പ്രതിഷേധക്കാർക്കെതിരെ നടപടികൾ ആരംഭിച്ചു. നിർമ്മാണ പുരോഗതി അവലോകനം ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ സെൽ പ്രവർത്തിച്ചു. ക്രമേണ പ്രതിഷേധങ്ങൾ നിലച്ചതോടെ നിർമ്മാണം വേഗത്തിലായി. ഇതോടെ കേന്ദ്ര സർക്കാരും ഗെയിലും ഉഷാറാവുകയും ചെയ്‌തു. 2018 ഡിസംബറിനകം നിർമ്മാണം പൂർത്തിയാക്കാൻ കേന്ദ്രം ഗെയിലിന് അന്ത്യശാസനം നൽകി.
ശേഷം, രണ്ടു പ്രളയങ്ങളും ഭൂപ്രകൃതിയുടെ പ്രശ്നങ്ങളും മൂലം 2020 നവംബറിലാണ് പൈപ്പ്ലൈനിന്റെ ജോലികൾ പൂർത്തിയായത്. സിറ്റി ഗ്യാസിലൂടെ വിതരണ ശൃംഖലയിലൂടെ സാധാരണ ജനങ്ങൾക്കും ഏറെ ഗുണം ലഭിക്കുന്ന ഗെയിൽ പദ്ധതി ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്. പദ്ധതിയുടെ വിജയം നൽകിയ ഊർജത്തോട് കൂടിയാകും മുഖ്യമന്ത്രിയും ഇടതുപക്ഷ മുന്നണിയും അടുത്ത് തന്നെ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നതും നിശ്ചയം.