കൊച്ചി: ഗെയിൽ പൈപ്പ്‌ ലൈൻ യാഥാർത്ഥ്യമാക്കാൻ മുഖ്യമന്ത്രി നൽകിയ പിന്തുണയെ പെട്രോളിയം പ്രകൃതിവാതക മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അഭിനന്ദിച്ചു. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ ഇതു സാദ്ധ്യമാകില്ലായിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ യോജിച്ച് നടത്തിയ പ്രവർത്തനമാണ് വിജയം കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രളയവും നിപ്പയും കൊവിഡും പോലുള്ള വെല്ലുവിളികൾക്കിടയിലും ആത്മാർത്ഥമായി പ്രവർത്തിച്ച തൊഴിലാളികളെ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ അഭിനന്ദിച്ചു. ജില്ലാ ഭരണാധികാരികളും പൊലീസും സർക്കാർ വകുപ്പുകളും ഒരുമിച്ചു പ്രവർത്തിച്ചു.

ഫാക്ടിന്റെ വികസനത്തിനും നിർദിഷ്ട പെട്രോകെമിക്കൽസ് പാർക്ക് യാഥാർത്ഥ്യമാക്കുന്നതിനും പദ്ധതി സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി ഉദ്യോഗമണ്ഡലിലെ ഗെയിലിന്റെ സബ് സ്റ്റേഷനിലെ ചടങ്ങിൽ ഹൈബി ഈഡൻ എം.പി., മേയർ അഡ്വ.എം. അനിൽകുമാർ, ഏലൂർ മുനി. ചെയർമാൻ എ.ഡി. സുജിൽ, ജില്ലാ കളക്ടർ എസ്. സുഹാസ്, ഗെയിൽ മാർക്കറ്റിംഗ് ഡയറക്ടർ ഇ.എസ്. രംഗനാഥൻ, ജനറൽ മാനേജർമാരായ ടോമി മാത്യു, ജോസ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.