റിയാദ്: വടക്കൻ സൗദിയിൽ അൽഉല പൗരാണിക നഗരത്തിൽ നടക്കുന്ന 41ാമത് ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ സൗദിയിൽ എത്തി. നാല് വർഷത്തെ ഉപരോധത്തിന് ശേഷമാണ് ഖത്തർ അമീർ ഷേയ്ഖ് തമീം ബിൻ ഹമദ് അൽത്താനി സൗദിമണ്ണിലെത്തുന്നത്. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വിമാനത്താവളത്തിൽ നേരിട്ടെത്തി ഖത്തർ അമീറിനെ സ്വീകരിച്ചു. ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാനുള്ള തീരുമാനം ഉച്ചകോടിയിലുണ്ടാകുമെന്ന് മുഹമ്മദ് ബിൻ സൽമാൻ സൂചിപ്പിച്ചു. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകൾ തുറക്കാൻ സൗദി അറേബ്യ തീരുമാനിച്ചിരുന്നു.
ഗിന്നസ് റെക്കാഡ് നേടിയ അൽഉലാ പുരാവസ്തുകേന്ദ്രത്തിലെ മറായ ഹാളിലാണ് ഉച്ചകോടി നടക്കുന്നത്. നേരത്തേ ബഹ്റൈനിൽ നടത്താനിരുന്ന ഉച്ചകോടിയാണ് വേദി മാറ്റി സൗദിയിൽ നടക്കുന്നത്. ഗൾഫ് മേഖലയുടെ സാമ്പത്തികവളർച്ച, വികസനം, കൊവിഡ് പ്രതിരോധനടപടികൾ എന്നിവയാണ് ഉച്ചകോടി പ്രധാനമായും ചർച്ചചെയ്യുന്നത്.
ഭീകരബന്ധം ആരോപിച്ച് 2017ലാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായി നയതന്ത്രബന്ധം അവസാനിപ്പിക്കുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തത്. പിന്നീട് ഗൾഫ് ഉച്ചകോടിയിലോ ഗൾഫ് സഹകരണ കൗൺസിന്റെ സമ്മേളനങ്ങളിലോ ഖത്തർ പങ്കെടുത്തിരുന്നില്ല.
അതിർത്തി തുറന്ന് ഈജിപ്തും
അതേസമയം, സൗദിക്ക് പിന്നാലെ ഖത്തറിലേക്ക് നേരിട്ട് പോക്കുവരവിനായി ഈജിപ്ത് തങ്ങളുടെ വ്യോമാതിർത്തി തുറന്നു നൽകാൻ തീരുമാനിച്ചു. കുവൈറ്റിന്റെ നേതർത്വത്തിൽ നടന്ന മദ്ധ്യസ്ഥ ചർച്ചയിലാണിത്.