ganguly

ന്യൂഡൽഹി: ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി പ്രത്യക്ഷപ്പെട്ട പരസ്യം പിൻവലിച്ച് കുക്കിംഗ് ഓയിൽ കമ്പനി. സൗരവിന്‌ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്നാണ് ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയില്‍ തങ്ങളുടെ പരസ്യം പിൻവലിച്ചത്.

ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയില്‍ ഉപയോഗിച്ചാല്‍ ഹൃദയാരോഗ്യം നിലനിര്‍ത്താമെന്നായിരുന്നു പരസ്യത്തിൽ പറഞ്ഞിരുന്നത്.

ഹൃദയാഘാതം വന്നതിനെ തുടർന്ന് ബി.സി.സി.ഐ പ്രസിഡന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയിലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നിരുന്നു. ഇതിനെ തുടർന്നാണ് കമ്പനി തങ്ങളുടെ പരസ്യം പിൻവലിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.

നെഞ്ചുവേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗരവ് ഗാംഗുലിയെ കഴിഞ്ഞ ദിവസം ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കിയിരുന്നു. ഗാംഗുലി ആരോഗ്യനില വീണ്ടെടുത്തുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.