ന്യൂഡൽഹി:കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി
കർഷക സംഘടനകൾ. ഇതിന്റെ ഭാഗമായി റിപബ്ലിക്ക് ദിനത്തിൽ ട്രാക്ടര്‍ പരേഡ് സംഘടിപ്പിക്കുമെന്നും കർഷകർ അറിയിച്ചു. കേന്ദ്ര സർക്കാരുമായി നടത്തിയ ഏഴാംഘട്ട ചർച്ചയും പരാജയപ്പെട്ടതോടെയാണ് സമര പരിപാടികൾ ശക്തമാക്കാൻ കർഷകർ തീരുമാനിച്ചത്.
റിപബ്ലിക്ക് ദിനത്തിൽ നടത്താനിരിക്കുന്ന പരേഡിന് മുന്നോടിയായി ജനുവരി ഏഴിന് ട്രെയിലർ പരേഡ് നടത്തുമെന്നും സ്വരാജ് ഇന്ത്യ പാർട്ടി അദ്ധ്യക്ഷൻ യോഗേന്ദ്ര യാദവ് പറഞ്ഞു. "ഡല്‍ഹിയിലെ നാല് അതിര്‍ത്തികളിലായി ജനുവരി ഏഴിന് ട്രക്ക് മാർച്ച് നടത്താൻ ഞങ്ങൾ തീരുമാനിച്ചു. ഇത് ജനുവരി 26ന് നടക്കാനിരിക്കുന്ന സമരത്തിന്റെ ട്രെയിലറായിരിക്കും." യോഗേന്ദ്ര യാദവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെയാണ് കർഷകരുമായി നടത്തിയ ഏഴാംഘട്ട ചർച്ചയും പരാജയപ്പെട്ടത്. കാർഷിക നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്താമെന്ന കേന്ദ്ര സർക്കാരിന്റെ വാഗ്‌ദാനം തള്ളിയ കർഷകർ നിയമം പൂർണമായും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. നിയമങ്ങള്‍ പിന്‍വലിക്കാത്ത സാഹചര്യത്തിൽ സമരപരിപാടികൾ ശക്തമാക്കാൻ ഒരുങ്ങുകയാണ് കർഷകർ.