ന്യൂഡൽഹി:കൊവിഡ് മഹാമാരിക്കെതിരായി ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാണശാലയാകാൻ ഇന്ത്യ ഒരുങ്ങുമ്പോൾ ആശംസകളുമായി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്.ലോകം കൊവിഡിനെ തുരത്താൻ ശ്രമിക്കുമ്പോൾ വാക്സിൻ ഉത്പാദനത്തിലും ശാസ്ത്ര പരീക്ഷണങ്ങളിലും ഇന്ത്യ നൽകുന്ന നേതൃത്വം പ്രശംസനീയമാണെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തു കൊണ്ട് തന്റെ ട്വീറ്റിലൂടെയാണ് ബിൽ ഗേറ്റ്സ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ലോകാരോഗ്യ സംഘടനയും ഇന്ത്യയെ പ്രശംസിച്ചെത്തിയിരുന്നു. കൊവിഡ് മഹാമാരിക്ക് തടയിടാനുള്ള നിർണായക നടപടി ഇന്ത്യ തുടരുകയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
രാജ്യത്ത് അടിയന്തര ഉപയോഗത്തിനായി ഭാരത് ബയോടെക്കിന്റെ കൊവാക്സിനും സിറം ഇൻസ്റ്റിറ്റ്യട്ട് നിർമിച്ച കൊവിഷീൽഡ് വാക്സിനുമാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ നിലവിൽ അനുമതി നൽകിയിട്ടുള്ളത്. ഇരു വാക്സിനുകൾക്കും അനുമതി നൽകിയതിന് പിന്നാലെ ലോകത്തെ ഏറ്റവും വലിയ വാക്സിൻ കുത്തിവയ്പ്പ് രാജ്യത്ത് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വാക്സിൻ വിതരണം 13ന് ആരംഭിക്കുമെന്നാണ് ലഭ്യമാകുന്ന സൂചന.