ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ 'ലൂസിഫറി'ന്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' ഉടനെത്തുന്നു എന്ന സൂചന നൽകി ചിത്രത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലെ പോസ്റ്റ്. 'ലൂസിഫറി'ന്റെ സംവിധായകൻ പൃഥ്വിരാജും നായകൻ സ്റ്റീഫൻ നെടുമ്പള്ളിയായി പ്രേക്ഷകരെ ത്രസിപ്പിച്ച മോഹൻലാലും ഒന്നിച്ച് നിൽക്കുന്ന ചിത്രമാണ് പോസ്റ്റിലുള്ളത്.
ഇരുവരും ചേർന്ന് സെൽഫി എടുക്കുന്നതാണ് ചിത്രത്തിലുള്ളത്. ഏതായാലും മോഹൻലാൽ ആരാധകരെ ഈ ചിത്രം തെല്ലൊന്നുമല്ല ആവേശത്തിലാക്കിയിരിക്കുന്നത്.
നിരവധി പേർ പോസ്റ്റിന് കീഴിലായി കമന്റുകളുമായി എത്തുന്നുമുണ്ട്. 'ബസ് ഏക് ഇഷാരാ ഭായ്ജാൻ... ബസ് ഏക്' എന്നാണ് ഫോട്ടോയുടെ അടിക്കുറിപ്പ്. ഒപ്പം ഒരു മൂങ്ങയുടെ ഇമോജിയും കാണാം.
'ലൂസിഫറി'ലെ അബ്രാം ഖുറേഷിയുടെ കൂളിംഗ് ഗ്ലാസ് ധരിച്ചുകൊണ്ട് മോഹൻലാൽ ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ഇത് 'എമ്പുരാനി'ന്റെ ചിത്രീകരണം ആരംഭിച്ചതിന്റെ സൂചനയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പരക്കാൻ കാരണമായിരുന്നു. ഭംഗിയായി വെട്ടിയൊതുക്കിയ താടിയും സൺഗ്ളാസും വെച്ച് സ്റ്റൈലിഷായാണ് ഈ ഫോട്ടോഷൂട്ടിന് എത്തിയത്.